mount

തിരുവനന്തപുരം: ജൈവ വൈവിദ്ധ്യത്തിൽ സമ്പന്നമായ പശ്ചിമഘട്ട മലനിരകൾ അതിരുകടന്ന ചൂഷണത്താൽ അപകടത്തിലാണെന്നും സംരക്ഷിക്കാൻ അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും യുനെസ്കോയുടെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്ചർ (ഐ.യു.സി.എൻ) മുന്നറിയിപ്പ് പരിസ്ഥിതി സ്നേഹികളെ ആശങ്കയിലാക്കി.

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ 44 ജില്ലകളിലുള്ള 142 ജനവാസ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുകയാണ് സഹ്യാദ്രി എന്നറിയപ്പെടുന്ന പശ്ചിമഘട്ടം. രാഷ്ട്രീയ ഭരണസംവിധാനങ്ങൾ വ്യത്യസ്തമായതിനാൽ സംരക്ഷണ നടപടികൾക്ക് ഏകോപനമില്ലാത്തതാണ് ഈ സംസ്ഥാനങ്ങളുടെ ജൈവകലവറയായ പശ്ചമഘട്ടത്തിന്റെ ദുരന്തം.

ആദ്യമായാണ് പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ഒരു ആഗോള റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്. ഇതോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലും റിപ്പോർട്ടിനെ പറ്റി ചർച്ചകൾ ഉയർന്നു.

ലോകത്തെ 252 പ്രകൃതിദത്ത പരിസ്ഥിതി പ്രദേശങ്ങളെ പറ്റി നവംബർ 30ന് നൽകിയ ഐ.യു.സി.എൻ.വേൾഡ് ഹെറിറ്റേജ് ഒൗട്ട് ലുക്ക് - 3 റിപ്പോർട്ടിൽ ലോകത്തെ കൂടുതൽ അപായസ്ഥിതിയിലുള്ള എട്ട് പ്രദേശങ്ങളിലൊന്നായാണ് പശ്ചിമഘട്ടത്തെ പരാമർശിക്കുന്നത്. ആഗോള നടപടി ഉണ്ടായില്ലെങ്കിൽ ഭൂമിക്ക് തന്നെ ദുരന്തമാകും.

റിപ്പോർട്ടിലെ പരാമർശങ്ങൾ

പശ്ചിമഘട്ടത്തിലെ ജൈവമണ്ഡലം അതീവ അപകടാവസ്ഥയിലാണ്. റോഡ് നിർമ്മാണം, പാതകളുടെ വീതികൂട്ടൽ, വൈദ്യുതി പദ്ധതികൾ, കാർഷിക പ്രവർത്തനങ്ങൾ,വനഭൂമി കൈയേറ്റം, ജനപ്പെരുപ്പം എന്നിവയാണ് പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത്. വ്യക്തമായ സംരക്ഷണ പദ്ധതികൾ ഭരണകൂടങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ട ജൈവ ഇടനാഴികളും കണ്ടെത്തിയിട്ടുണ്ട്.പക്ഷേ, നടപടികളുണ്ടാകുന്നില്ല. ഉദാഹരണത്തിന് പെരിയാർ മുതൽ അഗസ്ത്യമല വരെയുള്ള അരയൻകാവ് കോറിഡോർ. ഇത് സംരക്ഷിക്കാനുള്ള പദ്ധത അവഗണിക്കപ്പെട്ടു. സംരക്ഷണം നടക്കാത്തതിനാൽ കാലാവസ്ഥയിലും വൻ മാറ്റങ്ങളുണ്ടാകുന്നു. മൺസൂൺ സീസൺ പോലും മാറുന്നു. ഇത് ജീവി വർഗ്ഗങ്ങളുടെ നിലനിൽപ് അപകടത്തിലാക്കും. പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനഭൂമിയുടെ 40ശതമാനവും നശിച്ചു. ഇനിയും ഇടപെട്ടില്ലെങ്കിൽ ബാക്കി വനപ്രദേശങ്ങളും ഇല്ലാതാകും.

ഹിമാലയത്തെക്കാൾ പഴക്കമേറിയ, ഭൂമദ്ധ്യരേഖാ ഇതര വനപ്രദേശമായ പശ്ചിമഘട്ടത്തിന് ആഗോളപരിസ്ഥിതി പ്രധാന്യം ഏറെയാണ്. വംശനാശം സംഭവിക്കുന്ന 325ലേറെ ജീവി വർഗങ്ങളുടേയും മത്സ്യങ്ങളുടെയും സസ്യജാലങ്ങളുടേയും ആവാസ കേന്ദ്രമാണിത്. ഇവിടെ അപൂർവ്വമായ 39 ജാതി സസ്തനികളുണ്ട്.