
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 40 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ മൂന്നു പേരിൽ നിന്നാണ് 797 ഗ്രാം സ്വർണം പിടിച്ചത്.ചന്ദ്രഗിരി സ്വദേശി സൈദു ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. ഇബ്രാഹിം ബാദുഷയിൽ നിന്ന് 321 ഗ്രാം സ്വർണം പിടിച്ചു. വയർലസ് സ്പീക്കറിലും ഫേഷ്യൽ ഗണ്ണിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. അബ്ദുൾ ബാസിത്തിൽ നിന്ന് 360 ഗ്രാം സ്വർണവും പിടികൂടി. ഷാർജയിൽ നിന്ന് ശനിയാഴ്ച ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ എത്തിയത്. സ്വർണമാല, വള, മോതിരം എന്നിവയാണ് പിടിച്ചത്. ഇയാളിൽ നിന്ന് 40000 രൂപ വിലവരുന്ന ആറു ക്യാമറകളും 92500 രൂപയുടെ സിഗററ്റുകളും പിടിച്ചെടുത്തു.പരിശോധനയിൽ കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, വി പി ബേബി, പി സി ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ഹബീബ്, ജോയ്, മനോജ് യാദവ് എന്നിവർ പങ്കെടുത്തു.