abhaya

തിരുവനന്തപുരം: കേസ് അന്വേഷണചരിത്രത്തിൽത്തന്നെ ഒട്ടേറെ അട്ടിമറി നാടകങ്ങൾക്കും അപ്രതീക്ഷിത വഴിത്തിരിവുകൾക്കും സാക്ഷ്യംവഹിച്ച സിസ്റ്റർ അഭയ വധക്കേസിൽ,​ സംഭവം നടന്ന് ഇരുപത്തിയെട്ട് വർഷങ്ങൾക്കു ശേഷം സി.ബി.ഐ പ്രത്യേക കോടതി നാളെ അന്തിമ വിധി പറയും.

കോളിളക്കം സൃഷ്ടിക്കുകയും ദേശീയശ്രദ്ധ നേടുകയും ചെയ്ത കേസിൽ ഫാ. തോമസ് എം. കോട്ടൂർ ഒന്നാം പ്രതിയും സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഒരു വർഷം നീണ്ട വിചാരണ നടപടികൾ കഴിഞ്ഞ 10 നാണ് പൂർത്തിയായത്.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്,​ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാൻ സി.ബി.ഐയും മൂന്നു തവണ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും അതു തള്ളി

വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുതിയ അന്വേഷണസംഘം 2008 നവംബർ 19 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.