1

പൂവാർ: പൊഴിക്കരയിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ പൂവാർ തീരത്തിന് ഉണർവ്. റിസോർട്ടുകളും ഹോട്ടലുകളും ചില ഫ്ളോട്ടിംഗ് റെസ്റ്റോറന്റുകളുമാണ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ബോട്ട് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സി സ്റ്റാൻഡുകളും സഞ്ചാരികളെ വരവേൽക്കാൻ സജീവമായി. ചെറുകിട കച്ചവടക്കാരുടെ ടെന്റുകളും തീരത്ത് ഉയർന്നിട്ടുണ്ട്. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ലൈഫ് ഗാർഡുകൾ തീരത്ത് ജാഗരൂഗരാണ്.

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സർക്കാർ ടൂറിസം മേഖലയിൽ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി പൂവാർ തീരം അടച്ചതോടെ ടൂറിസം മേഖലയെ ആശ്രയിച്ച കഴിഞ്ഞിരുന്ന നൂറുകണക്കിന് തൊഴിലാളികൾ പട്ടിണിയിലായിരുന്നു. നിയന്ത്രണങ്ങളിൽ വന്ന ഇളവ് ഏറ്റവുമധികം ആശ്വാസമാകുന്നത് ഇവർക്കാണ്. തദ്ദേശീയരെ കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും പൂവാർ തീരത്തേക്ക് എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ യാത്രാ സൗകര്യം പരിമിതമായതിനാൽ ടൂറിസ്റ്റുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിന് പരിഹാരമൊരുക്കിയും നിയന്ത്രണക്കളിൽ കൂടുതൽ ഇളവുകൾ വരുത്തുകയും ചെയ്താൽ മാത്രമേ കൂടുതൽ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്നാണ് മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നത്.

മനോഹരതീരം

സഹ്യപർവത സാനുക്കളിൽ ഉത്ഭവിച്ച് 56 കിലോമീറ്ററുകൾ താണ്ടിയെത്തുന്ന നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിതയാണ് പൂവാറിന്റെ പ്രത്യേകത. ഇത് കാണുന്നതിനും ബ്രേക്ക് വാട്ടറിലെ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ട് സവാരി നടത്തുന്നതിനുമാണ് സ‌ഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നത്.

അപൂർവ പക്ഷി, ജന്തുജാലങ്ങളും തീരത്തിന്റെ മാത്രം പ്രത്യേകതയാണ്. സായാഹ്നസവാരിക്കും വിശാലമായ മണൽപ്പരപ്പിൽ വിശ്രമിക്കാനും എത്തുന്നവരും കുറവല്ല.

"തീരം മനോഹരമാണ്. ഇവിടേക്ക് വരാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തതാണ് പ്രധാന പ്രശ്നം. ടോയ്‌ലെറ്റ് സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം.

മഴയോ വെയിലോ കൊള്ളാതെ അല്പമൊന്ന് ഒതുങ്ങി നിൽക്കാൻ വെയിറ്റിംഗ് ഷെഡില്ല. അടിയന്തരമായി ഇത്തരം സൗകര്യങ്ങൾകൂടി ഏർപ്പെടുത്തണം."

സഞ്ചാരികൾ

"കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് മാത്രമേ ബോട്ടുകളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കൂ. മുൻപ് കയറ്റിയിരുന്നതിന്റെ പകുതി യാത്രക്കാരെ മാത്രമാണ് ഇപ്പോൾ കയറ്റുന്നത്. ഞങ്ങൾക്കിത് നഷ്ടമാണ്. എങ്കിലും അടച്ചിടുന്നതിനെക്കാളും തുറന്ന് പ്രവർത്തിക്കുന്നതാണ് ആശ്വാസം"

ഷൈജിൻ, ബോട്ടുടമ