ameera

കൊവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച 'അമീറാ' ഉടൻ റിലീസിനെത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചർച്ചചെയ്യുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്. ബാലനടി മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് കഥ. മീനാക്ഷിയും സഹോദരൻ ഹാരിഷും സിനിമയിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു. അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു..ഇവർക്കൊപ്പം കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ രചന അനൂപ് ആർ. പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്നത്. ജി.ഡബ്ല്യു.കെ എന്റർടെയ്ൻമെന്റ്സും ടീം ഡിസംബർ മിസ്റ്റിന്റെയും ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രം 21 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പി. പ്രജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സനൽ രാജിയാണ്.