ldf

പേരാവൂർ: മലയോരത്ത് മിന്നുന്ന വിജയം നേടി ആധിപത്യമുറപ്പിച്ച ഇടതുപക്ഷം പഞ്ചായത്തു പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. മാലൂർ പഞ്ചായത്തിൽ സി.പി.എം. ശിവപുരം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ വി. ഹൈമവതിയാണ് പ്രസി‌ഡന്റാകാൻ സാദ്ധ്യത. എസ്.ടി. വനിതാ സംവരണ പഞ്ചായത്തായ കോളയാട് സി.പി.എമ്മിലെ എം. റിജി പഞ്ചായത്ത് പ്രസിഡന്റായേക്കും. പഞ്ചായത്തിലെ എട്ടാം വാർഡ് കൊമ്മേരിയിൽ നിന്നാണ് റിജി വിജയിച്ചത്.

കണിച്ചാറിൽ അട്ടിമറി വിജയം നേടിയ സാഹചര്യത്തിൽ ഇപ്പോൾ കണിച്ചാർ പഞ്ചായത്തിലെ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ സി.പി.എമ്മിലെ ആന്റണി സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റാകാൻ സാദ്ധ്യതയേറി. പേരാവൂരിൽ ആര് പ്രസിഡന്റാകും എന്ന് ധാരണയായിട്ടില്ല. പ്രസിഡന്റാകാൻ സാദ്ധ്യതയുണ്ടായിരുന്നവർ വിജയിക്കാത്ത സാഹചര്യത്തിൽ നാലാം വാർഡിൽ നിന്ന് ജയിച്ച പി.പി. വേണുഗോപാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തേക്കും. ഇടതു മുന്നണി ഭരണം നിലനിർത്തിയ കേളകത്ത് സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.ടി. അനീഷ് പ്രസിഡന്റാകാൻ സാദ്ധ്യതയുണ്ട്. ഏഴു സീറ്റിൽ വീതം വിജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്ന കൊട്ടിയൂർ പഞ്ചായത്തിൽ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഭരണം ലഭിക്കും.യു.ഡി.എഫ്. ഭരണത്തിലിരുന്ന കൊട്ടിയൂരിൽ വിമത സ്ഥാനാർത്ഥിയെ അനുനയിപ്പിക്കാൻ കഴിയാതിരുന്നതാണ് നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അഞ്ചാം വാർഡ് പാൽച്ചുരത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി റെജി കന്നുകുഴിയിൽ 260 വോട്ടുകൾ നേടിയെങ്കിലും പരാജയപ്പെട്ടത് എട്ട് വോട്ടുകൾക്കാണ്. വിമത സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് കൊച്ചുതറ 145 വോട്ടുകൾ നേടിയിരുന്നു. ഒടുവിൽ എൽ.ഡി.എഫിലെ ഷാജി പൊട്ടയിൽ 268 വോട്ടുകൾ നേടി എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.