
ആലക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിറുത്തിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം മൂർദ്ധന്യത്തിൽ. 21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിലെ 11 വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ 10 സീറ്റുകൾ നേടി എൽ.ഡി.എഫ് തൊട്ടടുത്തുണ്ട്. മുസ്ലീംലീഗിന് 3 സീറ്റുകളുള്ളതിനാൽ 8 സീറ്റുകളുണ്ടെങ്കിലും കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥി ആരാണെന്നതിന്റെ തീരുമാനം ലീഗിന്റെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കും. കോൺഗ്രസിലാകട്ടെ എ ഗ്രൂപ്പിന് ആറും സുധാകരൻ ഗ്രൂപ്പിന് രണ്ടും മെമ്പർമാരാണ്.
സുധാകരൻ ഗ്രൂപ്പ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് വട്ടമല തേർത്തല്ലി വാർഡിൽ നിന്നും വിജയിച്ചതോടെ ഇത്തവണ പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനുവേണ്ടി രംഗത്തുണ്ട്. കെ. സുധാകരന്റെ എല്ലാ പിന്തുണയും ജോസിനുണ്ട്. എന്നാൽ എ ഗ്രൂപ്പ് ഇത് അംഗീകരിക്കുന്നില്ല .ഭൂരിപക്ഷം മെമ്പർമാരും തങ്ങൾക്കൊപ്പമാണുള്ളതെന്നും തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മേരിഗിരി വാർഡിൽ നിന്നും വിജയിച്ചുവന്നയാളുമായ ജോജി കന്നിക്കാട്ടിലാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരികയെന്നുമാണ് എ വിഭാഗത്തിന്റെ നിലപാട്.
ഘടകകക്ഷിയായ മുസ്ലീംലീഗും എ ഗ്രൂപ്പിനൊപ്പമാണ്. മുൻ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്നാംകുന്ന് വാർഡിൽ നിന്നും വിജയിച്ച മുസ്ലീംലീഗിലെ പി.സി. ആയിഷയെ ലീഗ് നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും ലീഗിനുള്ളിൽ അഭിപ്രായമുണ്ട്. ആലക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗ്ഗീസ് പയ്യംപള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കുട്ടാപറമ്പ് വാർഡിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് എ വിഭാഗം ജോജി കന്നിക്കാട്ടിലിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. തൊട്ടടുത്ത പഞ്ചായത്തായ ഉദയഗിരിയിൽ ഭരണം ഇടതുപകഷത്തിന് അടിയറ വെക്കുകയും നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഐ വിഭാഗം നേതാവായ ബേബി ഓടംപള്ളിയുടെ പേര് ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തതോടെയാണ് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്നത്.