
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പത്തി ഒന്നാം വാർഡായ കരുവളത്ത് നിന്നും കെ.പി.സി.സി സംസ്ഥാന സെക്രട്ടറിയായ എം. ഹസൈനാറിനെ ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുള്ള പരാജയപ്പെടുത്തിയപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് കരുവളം ഇ.എം.എസ് ക്ലബ്ബിനടുത്ത് താമസിക്കുന്ന ദേവിയാണ്. ബിൽടെക് അബ്ദുല്ലയുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും പള്ളികളിലേക്കും അമ്പലങ്ങളിലേക്കും നേർച്ചകൾ നേർന്ന് കാത്തിരിക്കുകയായിരുന്നു ദേവി.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ദേവിയ്ക്ക് ബിൽടെക്കിനോട് പറയാൻ ഉണ്ടായിരുന്നതും അത് തന്നെയാണ്. സിയാറത്തിങ്കര മഖാമിൽ നേർച്ച ചെയ്ത നൂറു രൂപ കൊടുക്കണം. ഒരമ്മയുടെ വാത്സല്യത്തോടെയുള്ള ആവശ്യം സഫലമാക്കാൻ ബിൽടെക് അബ്ദുല്ല ദേവിയേയും കൂട്ടി സിയാറത്തിങ്കര മഖാമിലെത്തി. വരുന്ന വഴിയിൽ ദേവി മുത്തപ്പൻ ക്ഷേത്രത്തിലും കയറി ബിൽടെക്കിന്റെ വിജയത്തിന് വേണ്ടി കരുതിയ നേർച്ച പൂർത്തിയാക്കി. കെ.പി.സി.സി സംസ്ഥാന സെക്രട്ടറിയെ പരാജയപ്പെടുത്തിയ സ്ഥാനാർത്ഥിയെന്ന നിലയിൽ ബിൽടെക്കിന്റെ വിജയം ഏറെചർച്ചയായിരുന്നു. നിലവിൽ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ആവാനുള്ള സാദ്ധ്യതയും ഈ ഐ.എൻ.എൽ നേതാവിനുണ്ട്.