
ടി.എസ്. ഏലിയറ്റ് ക്രൂരമാസം എന്നുവിളിച്ച ഏപ്രിലിലെ എന്റെ നഷ്ടം കിമ്മായിരുന്നു. കൊവിഡും ലോക്ക്ഡൗണും മരവിപ്പിച്ച ദിവസങ്ങളിലൊന്നിൽ പതിമൂന്ന് വർഷമായി ഞങ്ങളുടെ കൊച്ചുവീടിന്റെ നാഥയായിരുന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട പെൺനായ കിം ചത്തുപോയി. മൂന്നുദിവസം നീണ്ട ദീനം. രക്ഷപ്പെടില്ലെന്ന് ഡോക്ടർ പറഞ്ഞു. അവളുടെ ആയുസ് എത്തിയിരിക്കുന്നു. ലിവർ - കിഡ്നികൾ തീരെ പ്രവർത്തിക്കുന്നില്ല. ഒന്നുരണ്ടു മാസമായി അവശതകൾ കാട്ടിത്തുടങ്ങിയിരുന്നു. ഒടുവിൽ ഭക്ഷിക്കാതെയും വെള്ളം പോലും കുടിയ്ക്കാതെയും കിടന്ന രണ്ടരനാൾ വലിയ വേദനയായിരുന്നു. വീട്ടിലാരും സന്തോഷകരമായി ഭക്ഷണം കഴിച്ചില്ല. നാവിൽ ഇറ്റിച്ച ദാഹജലം ഒരല്‌പം മാത്രം'കിം'കുടിച്ചിറക്കി. അടഞ്ഞ കണ്ണുകൾ തുറന്ന് എന്തൊക്കെയോ എല്ലാവരോടും പറഞ്ഞു. കിം കാര്യമായ വേദനയിലാണെന്നു മനസിലായി. പിൻഭാഗം തളർന്നു പോയിരുന്നു. വേദനിച്ച് തിന്നാതെയും കുടിക്കാതെയുംചലിക്കാതെയും മുഖത്തു വന്നിരിക്കുന്ന ഈച്ചകളെ ആട്ടിപ്പായിക്കാനാവാതെയും മരണം കാത്തുകിടക്കുന്നു. സഹിക്കാനാവുന്നതിലും അപ്പുറമായി തോന്നി.
ഡോക്ടർ സുഹൃത്താണ് . ഫോണിൽ വിളിച്ചു. "എന്തുകൊണ്ട് ദയാവധം ചെയ്തുകൂടാ? ചെയ്യുന്നത് നല്ലതാണ്. "ഡോക്ടർ പറഞ്ഞു. ഞാനതു പറയാതിരിക്കുകയായിരുന്നു. മലമൂത്ര വിസർജനം നടക്കായ്‌ക കാരണം ശരീരമാകെ വിഷമയമാണ്. 'ടോക്സീമിയ.' ചികിത്സയുണ്ട്. എന്നാൽ ചെന്നൈയിൽ കൊണ്ടു പോകണം ലോക്ഡൗണിനിടെ അസാദ്ധ്യമാണത്. ചാൻസ് വളരെക്കുറവും. വേദനിച്ച് മരിക്കാതിരിയ്ക്കട്ടെ. സമയവും മറ്റും തീരുമാനിച്ചു ഞരമ്പിൽ ഒരു സൂചിയിൽ മരണമരുന്ന് കിമ്മിനു നൽകും.വേദനയറിയാതെ, ഒറ്റയടിക്ക് മസ്തിഷ്‌ക്കം മരവിച്ച് കിം പാതിയെത്തി നിൽക്കുന്ന പ്രപഞ്ചത്തിന്റെ മറു ഭാഗത്തേക്കു ഒറ്റനിമിഷം കൊണ്ടു പോകും. ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കില്ല. അങ്ങനെ തീരുമാനിച്ചെങ്കിലും ഒരു സമാധാനവും കിട്ടിയില്ല.
പകലും രാത്രിയും എടുത്ത തീരുമാനം ശരിയോ എന്നറിയാതെ വലഞ്ഞു. മകളോ ഭാര്യയോ അതു സമ്മതിക്കില്ല. അവരോടു പറഞ്ഞില്ല. അവർ കരുതുന്നത്, ഒരത്ഭുതം സംഭവിക്കുമെന്നും കിം ദീനക്കിടപ്പിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുമെന്നുമാണ്. നിങ്ങൾ ഫീനിക്സ് പക്ഷിയെ കണ്ടിട്ടുണ്ടോ എന്ന് ഞാനവരോട് ചോദിച്ചു. അവർ എന്നെപ്പോലെ അതിനെ തീരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഫീനിക്സ് പക്ഷിയുടെ നിറംകറുപ്പാണോ വെളുപ്പാണോ എന്നു ഞാൻ ചോദിച്ചു. അതും അവർക്കു നല്ല നിശ്ചയം പോരാ. ഒരാൾ കറുപ്പെന്നും മറ്റേയാൾ വെളുപ്പെന്നും ശഠിച്ചു. മകൾ ഗൂഗിൾ ചെയ്ത് എന്തോ ഉത്തരം കണ്ടെത്തി. സന്ധ്യയ്ക്ക് ഞാൻ ദീപം കൊളുത്തി അറിയുന്ന എല്ലാ ഈശ്വരന്മാരോടും കിമ്മിന് സ്വഛന്ദ മൃത്യു നൽകാൻ പ്രാർത്ഥിച്ചു. ആയുസിന്റെ ഈശ്വരനായ പരമശിവനോട് പ്രത്യേകിച്ചും. സമയമെത്തിയോ എന്നുറപ്പില്ലാതെ പന്ത്രണ്ടുവർഷം ഊട്ടി താലോലിച്ച കരങ്ങളാൽ ജീവനെടുക്കുന്ന മരുന്ന് അവളുടെ സിരകളിൽ എത്തരുത്. എക്കാലവും അത് മനസിൽ ഒരു തീരാഭാരമായിരിക്കും.
പ്രാർത്ഥനാമുറി വിട്ടിറങ്ങിയപ്പോൾ അമ്മയുടെ ഫോൺ വന്നു. അത് ആവർത്തിക്കുന്ന മറ്റൊരത്ഭുതമാണ്. നമ്മളെ മഥിക്കുന്ന ഒരു ചോദ്യം മുറിപ്പെടുത്തുമ്പോഴൊക്കെ അമ്മ വിളിക്കും. നമ്മൾ അന്വേഷിച്ച ഉത്തരം നമ്മൾ സൂചിപ്പിക്കാതെ തന്നെ പരോക്ഷമായെങ്കിലും സൂചിപ്പിക്കുകയും ചെയ്യും. ദൈവത്തോടു നമ്മൾ ചോദിക്കുന്ന വിഷമം പിടിച്ച ചോദ്യങ്ങൾക്ക് മൂപ്പർ നമുക്കു മറുപടി നൽകുന്നതങ്ങനെയാണ്. മൂപ്പരുടെ ടെലിപ്പതി ടവർ നമ്മുടെ ഗുരുക്കന്മാരാണ്. എന്റെചിന്താക്കുഴപ്പം മനസിലാക്കിയിട്ടെന്നവണ്ണം അമ്മ പറഞ്ഞു. തനിയെ പോകുന്നെങ്കിൽ പൊയ്‌ക്കോട്ടെ നമ്മളൊന്നും ചെയ്യണ്ട. അത് വലിയ ഒരറിവായിരുന്നു. പന്ത്രണ്ടുവർഷം ശ്രദ്ധിച്ചു, ഒപ്പംകൂട്ടി,സ്ഥലം മാറിപ്പോയിടത്തെല്ലാം കൊണ്ടു പോയി, രോഗംവന്നപ്പോൾ കിടത്തി ചികിത്സ വരെ ചെയ്യിച്ചു എന്നൊക്കെ പറയാം. എന്നാലത് നമ്മളെ നായയുടെ ഉടമയാക്കുന്നുണ്ടോ? ഇല്ല നമ്മുടേതാണെങ്കിലും അതു നമ്മുടേതല്ല. നായയുടെ വിധാതാവ് ഞാനല്ല. കിമ്മിന്റെ പടച്ചവൻ വേറെയാണ്. മൂപ്പർക്കാണവളുടെ ചുമതല. ഡോക്ടറെ വിളിച്ച് ഞാൻ പിറ്റേന്നത്തെ യൂത്തനേഷ്യ ക്യാൻസലാക്കി. ഒരുവിധം ഉറങ്ങി. ഉറങ്ങാൻ പോകും മുൻപ് ചെന്നു നോക്കുമ്പോഴും ഏതാണ്ട് ചലനമറ്റ് എന്നാൽ നീണ്ട ശ്വാസോഛസ്വനത്തോടെ കിം നിദ്രയിലാണ്. ഒരുപാട് തഴുകി ഓമനിച്ച് മതിവരാത്ത നെറുകയിൽ തഴുകി ഞാനവൾക്ക് ആ രാത്രി സ്വഛന്ദമൃത്യു ആശംസിച്ചു. ഇത്ര ദൃഢമായ ഒരാശംസ ആർക്കും ഒരിക്കലും നേരേണ്ടി വന്നിട്ടില്ല. നമ്മൾ പരസ്യമായി സംസാരിക്കാൻ മടിക്കുന്ന മൃത്യു എത്ര സുന്ദരവും ജീവിതത്തിന് ആവശ്യവുമായ ഒരുസംഗതിയായി അതിനു മുൻപ് ഒരിക്കലും തോന്നിയിട്ടില്ല.
പുലർച്ചെ ചെന്നു നോക്കുമ്പോൾ കിം എന്റെ സ്‌നേഹത്തിന്റെ അവസാനത്തെ മിഥ്യയായ ദയാവധത്തെ തോൽപ്പിച്ച് അവളുടെ നിദ്രയെ പ്രാപിച്ചിരിക്കുന്നു. പുലർച്ചെ ഞാനുറങ്ങിപ്പോയപ്പോൾ എപ്പോഴോ മൃത്യുദേവത ഒളിച്ചുവന്ന് അവളെ കടാക്ഷിച്ചിരിക്കുന്നു. കിമ്മിനെക്കുറിച്ച് എഴുതാൻ കഥകൾ ഒരുപാടാണ്. ഒരു പുസ്തകമൊന്നും പോരാ. പക്ഷേ കിമ്മും മറ്റ് ഏത് ഓമനയും നമ്മളെ പഠിപ്പിക്കുന്നത് ജീവിതമാണ് എന്നാണ് ബോദ്ധ്യം. ജീവിതത്തിൽ പ്രവേശിക്കാനും കളിക്കാനും വിരമിക്കാനും ഓരോ വേള അവർ നമ്മളെ തയ്യാറെടുപ്പിക്കുന്നു. സ്‌നേഹമൊഴിച്ച് ഒരു ഫലവും ഈ ലോകത്തു കാംക്ഷിക്കാത്തതു കൊണ്ട് അവർ നമ്മളെ ജീവിത പാഠത്തിൽ ഒട്ടേറെ പഠിപ്പിക്കുന്നു.
മൃത്യുവിനെപ്പോലും ജീവിതത്തിന്റെ ഭാഗമാക്കാൻ ഒരു ഓമന മൃഗത്തിന്റെ പരിചയവും അനുഭവവും നമുക്കുവേണം. നല്ല ഒരു മരണത്തിനുള്ള തയ്യാറെടുപ്പാണല്ലോ ജീവിതമാകെത്തന്നെ. അതിന് ഓമന മൃഗങ്ങളുടെ സഹജീവനം പോലെ വലിയ വൈകാരിക വിദ്യാഭ്യാസം ഇല്ല തന്നെ. മരണത്തിൽപ്പോലും നമ്മൾ ഉപേക്ഷിക്കരുത് ഈഓമനകളെ. വലിയ അനുഭവമാണ് സഹജീവനവും വേർപാടും. ജീവിതത്തെ ജീവിതമാക്കുന്നത് അവ തന്നെ.