farmers

ഇന്ത്യയിലെ കർഷകലക്ഷങ്ങൾ തെരുവിൽ നിലയുറപ്പിച്ചിട്ട് ദിവസങ്ങളായി. അവരില്ലെങ്കിൽ ഇന്ത്യയില്ല. എല്ലാ കാലാവസ്ഥയിലും അവർ അവരുടേതല്ലാത്ത വിശാലമായ പാടങ്ങളിൽ കഠിനാദ്ധ്വാനം നടത്തുന്നു. അവരുടെ രക്തവും വിയർപ്പും ഭക്ഷ്യധാന്യക്കൂമ്പാരങ്ങളായി മാറുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ അറുപത് ശതമാനം കാർഷിക മേഖലയിൽ പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന് അവർ മുന്നോട്ടു വന്നു. അവർ കടന്നുവന്ന വഴികളിൽ പഞ്ചാബിന്റെയും യു.പി യുടെയും സാധാരണ ജനങ്ങൾ കാത്തുനിന്ന് അവർക്ക് വൻവരവേല്പ് നൽകി. കർഷകരുടെ ആ മഹാപ്രവാഹം ഗംഗാ നദി പോലെ ഇപ്പോഴും ശാന്തമായി ഒഴുകി എത്തുന്നു. തങ്ങളുടെ പരാതി പ്രധാനമന്ത്രിയോടു പറയാൻ ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചേരാൻ അവർക്കു കഴിഞ്ഞു. ലാത്തിച്ചാർജ്ജിനെയും ജലപീരങ്കിയേയും അവർ നേരിട്ടു. ബാരിക്കേഡുകൾ യുമനയിലേക്ക് വലിച്ചെറിഞ്ഞു.

യഥാർത്ഥ്യത്തിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളിലൊന്നും പുതുമയില്ല. പുതിയ ആവശ്യങ്ങൾ അവർ ഉന്നയിക്കുന്നില്ല. നിലവിലുള്ള സാഹചര്യത്തിൽ അവർക്ക് കൃഷിചെയ്ത് മാന്യമായി ജീവിക്കാൻ കഴിയുന്നില്ല. അവരുടെ ഉത്‌പന്നങ്ങൾക്ക് ന്യായവില കിട്ടുന്നില്ല. ഉത്‌പാദനച്ചെലവ് നിരന്തരം വർദ്ധിക്കുന്നു. വളം, വായ്പ, വിത്ത്, എന്നീ പ്രശ്നങ്ങൾ കാർഷികരംഗത്ത് കൃഷിക്കാർ നേരിടുന്ന ഗുരുതരമായ വിഷയങ്ങളാണ്. ഇവയൊന്നും പരിഹരിക്കപ്പെടുന്നില്ല. വളത്തിന്റെ നിയന്ത്രണാതീതമായ വില, വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ മാത്രമല്ല, കർഷകൻ ആഗ്രഹിക്കുന്ന വിത്തുപോലും ലഭ്യമാക്കുന്നില്ല. ഈ പ്രതിസന്ധികളിലൂടെയാണ് കർഷകർ കടന്നു പോകുന്നത്. നരേന്ദ്രമോദി തങ്ങളെ വഞ്ചിച്ചുവെന്ന യാഥാർത്ഥ്യം കർഷകർ അനുഭവത്തിലൂടെ മനസിലാക്കി. കർഷകന്റെ വരുമാനം രണ്ടിരട്ടി വർദ്ധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃഷിക്കാർ കനത്ത നഷ്ടത്തിലായി, വായ്പ തിരിച്ചടയ്ക്കാനാവാതെ കർഷക കുടുംബങ്ങളാകെ വിഷമസന്ധിയിലായി. ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാർ വായ്പാ കുടിശിക പിരിച്ചെടുക്കാനെന്ന പേരിൽ കർഷക കുടുംബങ്ങളെ വേട്ടയാടുന്നു. ചുരുക്കത്തിൽ കർഷകർ പാപ്പരായി മാറുന്നു.
കർഷകർ ആത്മഹത്യ ചെയ്ത കണക്കുകൾ പുറത്തു വന്നപ്പോൾ കർഷക ആത്മഹത്യകൾ നടക്കുന്ന ലോകരാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യ സ്ഥാനം പിടിച്ചു. പ്രധാനമന്ത്രി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. ഈ പ്രശ്നങ്ങൾ കർഷകർ നിരന്തരം ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ ഏതാനും വർഷങ്ങളായി മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും നടന്നു.

ഇപ്പോൾ നടക്കുന്ന കർഷകസമരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർഷകവിരുദ്ധ നിലപാടിൽ ഇന്ത്യയിലെ കൃഷിക്കാർ നടത്തുന്ന പ്രതിഷേധമാണ്. കർഷകരെ കൂട്ടത്തോടെ ഇന്ത്യൻ കുത്തകകളുടെ കൂടാരത്തിലെറിഞ്ഞു കൊടുക്കാൻ മോദി സർക്കാർ മൂന്ന് നിയമങ്ങൾ പാസാക്കി. പ്രസ്തുത നിയമനിർമ്മാണ പ്രക്രിയയിൽ ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചു. ലോകസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച നിരാകരണ ബില്ലിന് അനുവാദം നൽകിയില്ല.

രാജ്യം കൊവിഡ് മഹാമാരിയിലമർന്ന്, മനുഷ്യർ തെരുവിൽ മരിച്ചു വീഴുമ്പോൾ, കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയുടെ രാജവീഥികളിലൂടെ മൈലുകൾ താണ്ടി നടന്ന് തളർന്ന് മരിച്ചു വീഴുമ്പോൾ പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ അന്നദാതാക്കളായ കർഷകരെ ബന്ദികളാക്കി അദാനിക്കും അംബാനിക്കും കൈമാറുന്നു. പാസാക്കിയ നിയമങ്ങൾ പൂർണമായും സർക്കാർ പിൻവലിക്കണമെന്ന ഏക ആവശ്യത്തിലാണ് കർഷകരുടെ ഉറച്ച നിലപാട്. വേണമെങ്കിൽ ചില്ലറ ഭേദഗതികളാകാം എന്ന് അമിത്ഷായും കേന്ദ്രസർക്കാരും. ഈ തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

'മണ്ടികൾ' നിറുത്തലാക്കുന്നതോടെ കുത്തകകൾ ഭക്ഷ്യധാന്യങ്ങളുടെ വില അവർ നിശ്ചയിക്കും. കർഷകൻ ആ വിലയ്ക്ക് വില്പന നടത്താൻ നിർബന്ധിതനായി തീരും. ഈ രംഗത്ത് ഇന്ന് കർഷകന് ആശ്വാസം നൽകുന്ന എഫ്.സി.ഐ.യുടെ സംഭരണം അവസാനിക്കും. ഇന്ത്യയിലാകെ കർഷകോത്‌പന്നങ്ങൾ പ്രത്യേകിച്ച് ഭക്ഷ്യധാന്യങ്ങളുടെ കുത്തക സംഭരണം ഏതാനും കുത്തകകളുടെ കൈകളിലൊതുങ്ങും. എഫ്.സി.ഐ. അടച്ചുപൂട്ടുന്നതിന്റെ മുന്നോടിയായി സ്വകാര്യ കുത്തകകൾക്ക് വമ്പൻ ഗോഡൗണുകൾ സജ്ജീകരിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകിക്കഴിഞ്ഞു. താങ്ങുവില നൽകി ഭക്ഷ്യധാന്യം സംഭരിച്ച് ജനങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം നടത്തുന്ന നിലവിലെ സ്ഥിതിഗതികൾ അട്ടിമറിക്കപ്പെടും. ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ മൻമോഹൻ സർക്കാർ നടപ്പിലാക്കിയ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട്, പ്രകാരമുള്ള പൊതുവിതരണ സമ്പ്രദായം സ്വാഭാവിക മരണത്തിലേക്ക് നീങ്ങും. കർഷകർ ആരംഭിച്ച ഈ സമരം കേവലം കർഷകന്റെ ആവശ്യങ്ങളിൽ മാത്രം പരിമിതപ്പെടുത്താനാവില്ല. ഈ സമരം ഇന്ത്യൻ ജനതയുടെ അന്നം മുട്ടാതിരിക്കാനുള്ള സമരം കൂടിയാണ്