
മുക്കം: സംസ്ഥാന സർക്കാരിന്റെയും തിരുവമ്പാടി എം.എൽ.എയുടെയും സ്വപ്ന പദ്ധതികളിൽ പ്രധാനപ്പെട്ട ആനക്കാംപൊയിൽ -കളളാടി-മേപ്പാടി തുരങ്കപാത വോട്ടിൽ പ്രതിഫലിച്ചില്ല. തുരങ്ക പാത ആരംഭിക്കുന്ന തിരുവമ്പാടി പഞ്ചായത്തും തൊട്ടടുത്ത കോടഞ്ചേരി പഞ്ചായത്തും പാത ചെന്നുചേരുന്ന വയനാട്ടിലെ മേപ്പാടി പഞ്ചായത്തും നേടിയത് യു.ഡി.എഫ്. ആണ്. ഇതിൽ തിരുവമ്പാടി പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഈ പ്രദേശത്തെ പഞ്ചായത്ത് വാർഡുകളും ഇവ ഉൾപെടുന്ന ബ്ലോക്ക് പഞ്ചായത്ത് ആനക്കാംപൊയിൽ ഡിവിഷനും ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷനും യു.ഡി.എഫിനൊപ്പം നിന്നു.
മേപ്പാടി പഞ്ചായത്തിൽ 20 ൽ 16 വാർഡുകളിലും വിജയിച്ചത് യു.ഡി.എഫ് തന്നെ. ഇക്കഴിഞ്ഞ ഒക്ടോബറിൽ തുരങ്ക പാതയുടെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ വീഡിയോ കോൺഫറൻസ് മുഖേന ആഘോഷപൂർവ്വം പ്രഖ്യാപിച്ചപ്പോൾ അത് തിരഞ്ഞെടുപ്പിൽ പ്രയാേജനപ്പെടുമെന്നു പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാതയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു.
എന്നാൽ ഈ പാതയുടെ പ്രഖ്യാപനം തട്ടിപ്പാണെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയോ അനുമതിക്ക് അപേക്ഷ നൽകുകയോ പോലും ചെയ്തിട്ടില്ലെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചു. ഒന്നുകിൽ ഈ പ്രചരണം വോട്ടർമാരെ സ്വാധീനിച്ചു അല്ലെങ്കിൽ വികസനത്തിലുപരി രാഷ്ട്രീയ പരിഗണനയ്ക്ക് പ്രാധാന്യം കൈവന്നു. രണ്ടായാലും തുരങ്ക പാതയോട് ഇവിടുത്തെ വോട്ടർമാർക്ക് താത്പര്യമുണ്ടായില്ലെന്ന് തെളിഞ്ഞു.