des21a

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതി‌ജ്ഞ ചെയ്ത് കൗൺസിലർമാരായി അധികാരമേറ്റു. വരണാധികാരി രാജീവ്, രാമച്ചംവിള വാർഡിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട മുതിർന്ന അംഗമായ ജി. തുളസീധരൻ പിള്ളയ്ക്കാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് തുളസീധരൻ പിള്ള വാർ‌ഡ് ഒന്നുമുതൽ മുറയ്ക്കുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

എൽ.ഡി.എഫ് അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തപ്പോൾ എൽ.ഡി.എഫിൽ ആലംകോട് നിന്നും വിജയിച്ച അംഗവും വലിയകുന്ന് വാർഡിൽ നിന്നും വിജയിച്ച അംഗവും അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. ബി.ജെ.പി അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും ദൈവനാമത്തിലും ഈശ്വര നാമത്തിലുമാണ് പ്രതിജ്ഞ എടുത്തത്. ആറ്റിങ്ങൽ നഗരസഭ മന്ദിരത്തിന് മുന്നിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്. എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും അണികളും നേതാക്കളും അവരുടെ അംഗങ്ങൾ പ്രതിജ്ഞ ചെയ്തു കഴിയുമ്പോൾ മുദ്രാവാക്യം മുഴക്കി ആവേശം പകരുന്നുണ്ടായിരുന്നു. നിരവധി നാട്ടുകാർ ചടങ്ങ് കാണാൻ എത്തിയിരുന്നു.

പ്രതിജ്ഞയ്ക്കു ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ മുതിർന്ന അംഗമായ ജി. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.ഒ. രാജീവ്,​ എ.ആർ.ഒയും മുനിസിപ്പൽ സെക്രട്ടറിയുമായ വിശ്വനാഥൻ എന്നിവർ ഡയസിൽ ഉണ്ടായിരുന്നു. 28ന് രാവിലെ 11 ന് ചെയർപേഴ്സൺ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നടക്കുമെന്ന് വരണാധികാരി അറിയിച്ചു. കൗൺസിലർരുടെ പരിചയപ്പെടുത്തലിനു ശേഷം യോഗം ആദ്യയോഗം പിരിഞ്ഞു.