sdpi

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നിലനിർത്താൻ എസ്.ഡി.പി.ഐ അടക്കമുള്ള വർഗീയ ശക്തികളുടെ പിന്തുണ തേടില്ലെന്ന് ഇടതുമുന്നണി കാസർകോട് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ. സ്വതന്ത്രർ നൽകുന്ന പിന്തുണ സ്വീകരിക്കും. മീഞ്ച, വോർക്കാടി തുടങ്ങിയ പഞ്ചായത്തുകളിൽ ഇടതുമുന്നണി സഹായം തേടിയെന്ന ബി.ജെ.പി പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. ജില്ലയിൽ പനത്തടി, കള്ളാർ, നീലേശ്വരം നഗരസഭ, ഉദുമ പഞ്ചായത്തുകളിൽ യു.ഡി.എഫ്-ബി.ജെ.പി സഖ്യം പരസ്യമായിരുന്നു. നീലേശ്വരം നഗരസഭയിൽ 12 വാർഡുകളിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്താതെ യു.ഡി.എഫിന് വോട്ട് മറിക്കുകയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും പിന്തുണയും സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ നിലപാട് എടുത്തിട്ടില്ല. 30 വരെ സാവകാശം ഉള്ളതിനാൽ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനം എടുക്കും. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശവും പരിഗണിച്ചായിരിക്കും ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുക. ദേലമ്പാടിയിൽ ഇടതുമുന്നണി സ്ഥാനാർഥി പരാജയപ്പെട്ടതിനെ കുറിച്ച് മുന്നണി പരിശോധന നടത്തും. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതും ജയിക്കുന്നതും സ്വാഭാവികമാണ്. എടനീരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് 2015 നേക്കാൾ 3000 വോട്ട് കൂടിയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയും ചെങ്കളയിൽ അട്ടിമറി വിജയം നേടിയതും വലിയ മുന്നേറ്റമാണ്. ആറിൽ നാല് ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിന് ലഭിച്ചു. രണ്ടു പഞ്ചായത്തുകൾ നഷ്ടപ്പെട്ടപ്പോൾ മൂന്ന് പഞ്ചായത്തുകളിൽ ഭരണം തിരിച്ചുപിടിച്ചു. മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ വോട്ടിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്നിലായിരുന്ന ഉദുമ അടക്കമുള്ള മണ്ഡലത്തിൽ ഇടതുമുന്നണി ശക്തമായി തിരിച്ചുവന്നു.. മുന്നണിയെ വിജയിച്ച എല്ലാവർക്കും നന്ദി പറയുന്നതായും നേതാക്കൾ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് ഡോ. കെ. ഖാദർ, കേരള കോൺഗ്രസ് നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പൻ, പി.ടി. നന്ദകുമാർ, സണ്ണി അരമന, ഇ.വി. ഗണേഷ്, വി.വി. കൃഷ്ണൻ, സിദ്ധിഖ് അലി മൊഗ്രാൽ എന്നിവരും സംബന്ധിച്ചു.