
തിരുവനന്തപുരം:ഇത്തവണയും ഭരണം നിലനിറുത്തിയ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു ജില്ലാ പഞ്ചായത്തിൽ ഇടത് അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.അല്പം സന്തോഷക്കുറവുണ്ടെങ്കിലും ഒരു സീറ്റ് അധികം കിട്ടിയതിന്റെ സന്തോഷം യു.ഡി.എഫ് അംഗങ്ങളും മറച്ചുവച്ചില്ല. ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു.കളക്ടർ നവജ്യോത് ഖോസെ മുതിർന്ന അംഗമായ വെള്ളനാട് ഡിവിഷനിൽ നിന്നും വിജയിച്ച വെള്ളനാട് ശശിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന അംഗമെന്ന നിലയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹമായിരുന്നു. തുടർന്ന് വെള്ളനാട് ശശി മറ്റ് അംഗങ്ങൾക്ക് സത്യാവാചകം ചൊല്ലിക്കൊടുത്തു.ചിലർ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ മറ്റു ചിലർ ദൃഢപ്രതിജ്ഞയെടുത്തു. കിളിമാനൂർ അംഗം ഗിരികൃഷ്മൻ സത്യപ്രതിജ്ഞയ്ക്ക് താമസിച്ച് എത്തിയതുകാരണം സത്യപ്രതിജ്ഞാചടങ്ങ് 10 മിനിട്ട് കൂടി നീണ്ടു. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങൾ ജില്ല പഞ്ചായത്ത് രജിസ്റ്ററിൽ ഒപ്പിട്ട് അധികാരമേറ്റു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗം വെള്ളനാട് ശശിയുടേയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യുവിന്റെയും നേതൃത്വത്തിൽ ആദ്യയോഗം നടന്നു. ഇടതുനേതാക്കളായ ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, ജി.ആർ. അനിൽ തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണം 20 സീറ്റ് നേടി എൽ.ഡി.എഫ് ഇക്കുറിയും നിലനിറുത്തുകയായിരുന്നു. യു.ഡി.എഫിന് ലഭിച്ചത് ആറ് സീറ്റാണ്. ഇക്കുറി ബി.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചില്ല.
ആദ്യ യോഗത്തിലും രാഷ്ട്രീയ തർക്കം
ജില്ലാ പഞ്ചായത്തിന്റെ ആദ്യ യോഗത്തിലും രാഷ്ട്രീയ തർക്കം ഉടലെടുത്തു. മുതിർന്ന അംഗങ്ങളെ കൗൺസിലിൽ പ്രസംഗിക്കാൻ ക്ഷണിച്ചു. ആദ്യം മുരുക്കുംപുഴ ഡിവിഷിനിലെ ഇടത്പക്ഷ ജില്ലാ മെമ്പറായ ജലീൽ എഴുന്നേറ്റ് മുൻ ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളും അംഗങ്ങൾക്ക് ആശംസകളും അർപ്പിച്ചു. അടുത്ത ഊഴം വെള്ളറട ഡിവിഷനിലെ യു.ഡി.എഫ് അംഗം അൻസജിത റസലിന്റേതായിരുന്നു. മുൻ ഭരണസമിതിയെയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും അൻസജിത റസൽ വിമർശിച്ചു. ഏകാധിപത്യ ഭരണമായിരുന്നു മുൻ ജില്ലാ പഞ്ചായത്തിന്റേതെന്നും, ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ ഉപകാരപ്രദമായത് യു.ഡി.എഫ് ഭരണമാണെന്നും അൻസജിത പറഞ്ഞു. ഇത് എൽ.ഡി.എഫ് അംഗങ്ങളെ ചൊടിപ്പിച്ചു.തുടർന്ന് വാഗ്വാദങ്ങളായി. അതോടെ മുതിർന്ന അംഗവും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അംഗങ്ങളെ അനുനയിപ്പിച്ച് ഇരുത്തി.
30ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അറിയിപ്പും അംഗങ്ങൾക്ക് നൽകി.
ഡി.സുരേഷ് കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും
എ.ഷൈലജ വൈസ് പ്രസിഡന്റുമാകും
ഇത്തവണ ജില്ലാ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംരവണമായതിൽ മലയിൻകീഴ് ഡിവിഷിനിലെ അംഗം ഡി.സുരേഷ് കുമാറാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എ.ഷൈലജ ബീഗം തന്നെയാണ് ഇത്തവണയും വൈസ് പ്രസിഡന്റ് ആവുക എന്നാണ് സൂചന.