
ജയസൂര്യ നായകനായ ക്യാപ്ടൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യർ നായികയാകുന്നു. 2021-ൽ മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം ഇതായിരിക്കും.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സണ്ണി വയ്‌ൻ നിർമ്മിച്ച് നവാഗതരായ രഞ്ജിത്ത് കമലാശങ്കറും സലിൽ. വിയും ചേർന്ന് സംവിധാനം ചെയ്ത ചതുർമുഖം, മാർട്ടിൻ പ്രക്കാട്ട് നിർമ്മിച്ച് നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലഭിനയിക്കാനാണ് മഞ്ജുവാര്യർ ഒടുവിൽ തലസ്ഥാനത്തെത്തിയത്.
ഇപ്പോൾ സഹോദരൻ മധുവാര്യർ സംവിധായകനാകുന്ന ലളിതം സുന്ദരത്തിന്റെ എറണാകുളത്തെ ലൊക്കേഷനിലാണ് മഞ്ജുവാര്യർ എറണാകുളത്ത് നിന്ന് കുമളിയിലേക്ക് ഷിഫ്ട് ചെയ്യുന്ന ലളിതം സുന്ദരം ഡിസംബർ 26ന് ഷെഡ്യൂൾ പായ്ക്കപ്പാകും. തുടർന്ന് ജനുവരി ആദ്യവാരം ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം എറണാകുളത്ത് നടക്കും. ചിത്രത്തിലെ ഫ്ളാഷ് ബാക്ക് രംഗങ്ങളാണ് അവസാന ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. സെഞ്ച്വറിയുമായി ചേർന്ന് മഞ്ജുവാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജുവാര്യരാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.