allergy

ശ്വാസകോശത്തെ ആശ്രയിച്ച് ദീർഘനാൾ നിലനിൽക്കാവുന്ന രോഗമാണ് ശ്വാസംമുട്ട് അഥവാ ആസ്ത് മ. ശ്വാസകോശത്തിലേക്ക് വായുവിനെ എത്തിക്കുകയും അവിടെ നിന്ന് പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസനപഥത്തിനുണ്ടാകുന്ന നീർവീക്കമാണ് ശ്വാസംമുട്ടിന് കാരണം.

ഇത്തരം നീർവീക്കത്തെ ഉണ്ടാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണ് ആസ്ത്മയുടെ പ്രയാസങ്ങൾ അനുഭവപ്പെടുന്നത്. ഓരോ വ്യക്തികൾക്കും അനുഭവപ്പെടുന്ന രോഗതീവ്രത പലവിധത്തിലായിരിക്കും. ശ്വസനപഥത്തിന് നീർവീക്കം കൊണ്ട് ചുരുക്കമുണ്ടാകുന്നത് കാരണം ശ്വാസമെടുക്കുന്നതിനുള്ള പ്രയാസമാണ് ആസ്ത്മാരോഗികളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്.

ശ്വസനപഥത്തിലാകെ കഫം നിറയുകയും അതിനാൽ അതുവഴിയുള്ള വായുസഞ്ചാരം കുറയുകയും ചെയ്യുന്നതാണ് ശ്വാസം കിട്ടുന്നതിന് പ്രയാസമുണ്ടാകുന്നതിന്റെ കാരണം. എല്ലാത്തരം ആസ്ത്മാ രോഗങ്ങളും ചികിത്സിച്ച് പൂർണ്ണമായി ഭേദമാക്കാൻ കഴിയുന്നതല്ല. എന്നാൽ ചിലത് ഭേദപ്പെടുത്താൻ സാധിക്കുന്നവയാണ്. ശരിയായ ചികിത്സ ചെയ്തു കൊണ്ടിരുന്നാൽ ഭേദമാകാത്ത തരത്തിലുള്ളവയിൽ പോലും രോഗതീവ്രത കുറയ്ക്കാൻ സാധിക്കും.

ലക്ഷണങ്ങൾ

ചെറുതായ കായികാദ്ധ്വാനം കാരണം പോലും ശ്വാസം കിട്ടാനുള്ള പ്രയാസം ഉണ്ടാക്കുക, ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും കഫം കുറുകുന്ന വിധത്തിലുള്ള (വീസിംഗ്) ശബ്ദമുണ്ടാകുക, നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ, രാത്രിയിലും കായികാദ്ധ്വാനശേഷവും വർദ്ധിക്കുന്ന ചുമ, ചുമയും കുറുകുന്ന ശബ്ദവും ഒരുമിച്ചുണ്ടാകുക, നെഞ്ചിൽ ഭാരം കയറ്റിവച്ചതുപോലെ തോന്നുക, ഇതുകാരണം ദീർഘശ്വാസം എടുക്കാൻ പ്രയാസമനുഭവപ്പെടുക, ബുദ്ധിമുട്ടുകൾ ഇടയ്ക്കിടെ വർദ്ധിക്കുകയും കുറയുകയും ചെയ്യുക, ജലദോഷം പോലെയുള്ള കാരണങ്ങൾകൊണ്ട് കൂടുതൽ ശക്തിയോടെ ശ്വാസം മുട്ടുക, രാത്രിയും അതിരാവിലെയും വർദ്ധിച്ചു കാണുക,ജോലി ചെയ്യുന്നതുകൊണ്ട് കൂടുക, അലർജിയുണ്ടാക്കുന്ന വസ്തുക്കളുമായുള്ള സമ്പർക്കം, തണുപ്പ് ,തണുത്ത കാറ്റേൽക്കുക, തണുപ്പ് കാലാവസ്ഥ, മാനസിക സമ്മർദ്ദം ഇവ കാരണം രോഗം വർദ്ധിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

ആസ്ത് മയ്ക്ക് കാരണമായിട്ടുള്ള ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ, അലർജിക്ക് കാരണമായ വസ്തുക്കൾ, രാസവസ്തുക്കൾ, ചിലതരം മണങ്ങൾ, കായികാദ്ധ്വാനം ഇവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ശരിയായി മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിന് ആസ്ത് മാരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമം ചിലർക്ക് രോഗത്തെ വർദ്ധിപ്പിക്കുമെങ്കിലും നീന്തൽ, നടത്തം, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ് എന്നിവ കളിക്കുക, യോഗ എന്നിവ നിയന്ത്രണത്തോടെ ചെയ്ത് ആസ്മയെ കുറയ്ക്കാൻ സാധിക്കും.

അലർജിയുടെ കാരണങ്ങൾ

സാധാരണയായി വീട്ടിലെ പൊടിപടലം, ജീവികളുടെ അവശിഷ്ടങ്ങൾ, പാറ്റ, വളർത്തുമൃഗങ്ങളുടെ രോമം, തീയിടുന്നത് കാരണമുള്ള പുക, പുകവലി കാരണമുള്ള പുക, സെന്റ്, സ്പ്രേ പോലെയുള്ള സുഗന്ധവസ്തുക്കൾ, ശക്തമായ മറ്റുമണങ്ങൾ എന്നിവയാണ് ശ്വാസം മുട്ടുള്ളവർക്ക് അലർജിയുണ്ടാക്കി രോഗത്തെ വീണ്ടും വർദ്ധിപ്പിക്കുന്ന കാരണങ്ങൾ. അലർജിയെ ഉണ്ടാക്കാതെയും ശ്വാസംമുട്ട് വർദ്ധിപ്പിക്കുന്ന പ്രധാന കാരണമാണ് വ്യായാമം. അഞ്ചു മിനിറ്റ് പോലും തികച്ച് എക്സർസൈസ് ചെയ്യാൻ സാധിക്കാത്തവരുണ്ട്. അപ്പോഴേക്കും ശ്വാസംമുട്ട് വർദ്ധിക്കുകയാണ് പതിവ്. വ്യായാമം ശരിയായി ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറയേണ്ടിവരും. ശരിയായി ചെയ്യുന്ന വ്യായാമങ്ങൾ കാരണം ശ്വാസംമുട്ട് കുറയ്ക്കുവാൻ സാധിക്കുമെന്നതിനാലാണ് അപ്രകാരം പറയുന്നത്. ടെൻഷൻ കാരണവും ആസ്ത് മ വർദ്ധിക്കാറുണ്ട്.

ആസ്ത്മ വിവിധ തരം

രാത്രിയിൽ വർദ്ധിക്കുന്നത്, ജോലിസംബന്ധമായ സാഹചര്യങ്ങളും കാരണങ്ങളും കൊണ്ട് ഉണ്ടാകുന്നത്, കായികാദ്ധ്വാനം കൊണ്ട് ഉണ്ടാകുന്നത്, 12 വയസ്സിനു ശേഷം കാണുന്നത്, ചുമയോടും ശബ്ദത്തോടെയുള്ള ശ്വാസമെടുക്കലോടും കൂടിയത്,ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്നത്,പൊണ്ണത്തടി കാരണമുണ്ടാകുന്നത്, ശ്വസനപഥ തടസ്സം കാരണം ഉണ്ടാകുന്നത്, അലർജിയുണ്ടാക്കുന്ന വസ്തുക്കൾ കാരണമുണ്ടാകുന്നത്, അല്ലാതെ ഉണ്ടാകുന്നത് എന്നിങ്ങനെ വിവിധ തരത്തിലാണ് ആസ്ത്മാരോഗം കാണപ്പെടുന്നത്. മരുന്നും ഇൻഹലേഷനും സ്ഥിരമായി ഉപയോഗിക്കുന്നവരും. ബുദ്ധിമുട്ടുകളുള്ളപ്പോൾ മാത്രമുപയോഗിക്കുന്നവരും അസുഖം വരാതിരിക്കാൻ ഇടയ്ക്കിടെ ഉപയോഗിക്കുന്നവരും അസുഖം വർദ്ധിക്കുവാനിടയുണ്ടെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അതിനനുസരിച്ച് ഉപയോഗിക്കുന്നവരും ഒരിക്കൽ ഡോക്ടർ നിർദ്ദേശിച്ച മരുന്ന് ഡോക്ടർ പോലുമറിയാതെ തോന്നുമ്പോഴൊക്കെ ഉപയോഗിക്കുന്നവരും മരുന്നുപയോഗിച്ച് മതിയായവരും, 'എല്ലാം നിർത്തി, ഇനി വയ്യ' എന്ന് പറഞ്ഞ് അനുഭവിച്ചു തീർക്കുന്നവരുമായ ധാരാളം പേർ ചികിത്സ തേടി ആയുർവേദ ഡോക്ടറെ കാണാനും എത്താറുണ്ട്.

പലരും 'ഇനി മറ്റൊരു മരുന്നിനു വേണ്ടി പോകാനിട വരാത്ത വിധത്തിൽ അസുഖം മാറ്റി തരണ'മെന്നാണ് ആവശ്യപ്പെടുന്നത്. തുടർച്ചയായി ചികിത്സ വേണ്ടി വരുന്ന രോഗങ്ങളിൽ മുടങ്ങാതെ തന്നെ മരുന്ന് കഴിക്കേണ്ടി വരുമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അത്തരമാൾക്കാരുടെ ദീർഘസ്ഥായിയായ രോഗങ്ങളിൽ ആയുർവേദ ചികിത്സയാണ് പ്രയോജനപ്പെടുത്തേണ്ടത്. അലർജിക് ആസ്ത്മയുള്ള ചിലരെങ്കിലും മുമ്പ് അലർജി കാരണം ഉണ്ടായിട്ടുള്ള അലർജിക് റൈനൈറ്റിസ് എന്നു പറയുന്ന തുടർച്ചയായ തുമ്മലും ജലദോഷവും മുക്കിൽ നിന്ന് വെള്ളം പോലെ വരികയും ,തൊണ്ട,ചെവി,കണ്ണ് ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരുമായിരിക്കും. അതിന് ശരിയായ ചികിത്സ ചെയ്യാതെ കൊണ്ടുനടന്ന് വഷളാക്കി പിന്നീട് ആസ്ത്മയുണ്ടാകുന്നവരുമുണ്ട്. ഇതിൽ ഏത് അവസ്ഥയിലായാലും കാരണങ്ങളെ ഒഴിവാക്കിയുള്ള ചികിത്സയാണ് അനിവാര്യം. ആയുർവേദത്തിൽ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ

ചികിത്സയുണ്ട്. ദീർഘനാൾ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആയുർവേദ ചികിത്സയാണ് സുരക്ഷിതം. ശ്വാസം കിട്ടാതെ വിഷമിക്കുന്ന അടിയന്തര അവസരങ്ങളിലൊഴികെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്പെടുന്നതാണ് ആയുർവേദം.