c

തിരുവനന്തപുരം:നഗരസഭയിൽ കൗൺസിലറായി എത്തിയവരുടെ കൂട്ടത്തിൽ ഡോക്ടറും നഴ്‌സും സൈക്കോളജിസ്റ്റും എൻജിനിയറും മുതൽ അങ്കണവാടി അദ്ധ്യാപികയും ആശാപ്രവർത്തകയും കർഷകനും വിദ്യാർത്ഥികളും വരെയുണ്ട്.
നന്തൻകോട്ടു നിന്നു ജയിച്ചെത്തിയ റീന.കെ.എസ് ദന്ത ഡോക്ടറാണ്.പട്ടം പ്ലാമൂടുള്ള സ്വകാര്യ ആശുപത്രിയിലാണ് റീന ജോലി ചെയ്തിരുന്നത്. ഞാണ്ടൂർക്കോണത്ത് നിന്നു വിജയിച്ച ആശാബാബു സർക്കാരിന്റെ നിർഭയ പുനരധിവാസ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റാണ്. വീട് കോൺട്രാക്ടർമാർ, മുൻ പി.എസ്.സി അംഗം, വൈദ്യുത ബോർഡ് റിട്ട. ഡെപ്യൂട്ടി എൻജിനിയർ, ഇൻഷ്വറൻസ് ഏജന്റുമാർ,വ്യാപാരികൾ തുടങ്ങിയവരും ഇത്തവണയുണ്ട്.

ആറന്നൂരിലെ ബിന്ദു മേനോൻ,ആറ്റിപ്രയിലെ ശ്രീദേവി, പൂങ്കുളത്തെ പ്രമീള,വെങ്ങാനൂരിലെ സിന്ധു വിജയൻ എന്നിവർ കുടുംബശ്രീയുടെ എ.ഡി.എസ് മുൻ ഭാരവാഹികളായിരുന്നു. ചന്തവിള വാർഡിൽ നിന്നു വിജയിച്ച ബിനു.എം ആമ്പല്ലൂർ പാടശേഖര സമിതി ഭാരവാഹിയാണ്.

പൗഡിക്കോണത്തെ ആർച്ചന മണികണ്ഠൻ ആശ പ്രവർത്തകയും കമലേശ്വരത്തെ വിജയകുമാരി സാക്ഷരത മിഷൻ കോ- ഓർഡിനേറ്ററുമാണ്. കളിപ്പാൻകുളത്തെ സജുലാൽ പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്നും സൂപ്രണ്ടായി വിരമിച്ചയാളാണ്. ഇവരെകൂടാതെ നാല് അഭിഭാഷകരും കൗൺസിലിലുണ്ട്.മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ബി.ജെ.പി കക്ഷി നേതാവായിരുന്ന വി.ജി.ഗിരികുമാർ,സി.പി.എമ്മിലെ അംശു വാമദേവൻ എന്നിവരാണ് അവർ.
ചാക്കയിൽ നിന്നുള്ള എം.ശാന്ത വൈദ്യുതി ബോർഡ് മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയറായാണ് വിരമിച്ചത്. എൽ.എൽ.ബി, ബിടെക് ബിരുദധാരിയാണ്. ശ്രീവരാഹത്ത് നിന്നുള്ള എസ്.വിജയകുമാർ മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജിവനക്കാരനാണ്. മേയർ സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്ന ജമീല ശ്രീധരൻ പൊലീസ് ഫോറൻസിക് ലാബിലെ മുൻ ജോയിന്റ് ഡയറക്ടറും പി.എസ്.സി മുൻ അംഗവുമാണ്. കിണവൂർ വാർഡിലെ ആർ.സുരകുമാരി ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച നഴ്‌സാണ്. പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഇവർ വികസന കാര്യങ്ങളിൽ നഗരസഭയ്ക്കും മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.