തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റെടുക്കാനുള്ള ഫീസ് 500ൽ നിന്ന് 1000 രൂപയാക്കി. കാർഡിനുള്ള തുകയും സർവീസ് ചാർജ്ജുമടക്കം 260 രൂപ പുറമെ നൽകണം. ഫലത്തിൽ 1260 രൂപ നൽകിയാലേ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് കിട്ടൂ. ഫാൻസി നമ്പരുകളുടെ എണ്ണം വർദ്ധിപ്പിച്ചുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള ഫീസും ഉയർത്തിയത്. എന്നാൽ അപ്രതീക്ഷിത ഫീസ് വർദ്ധന അപേക്ഷകരെ കുഴയ്‌ക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പും പൊലീസും അംഗീകരിക്കുന്നതിനാൽ വാഹനപരിശോധനയ്ക്ക് ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഹാജരാക്കിയാൽ മതിയാകും. എന്നാൽ നേരിട്ട് ലൈസൻസ് ഹാജരാക്കേണ്ട ആവശ്യങ്ങൾക്ക് അസൽ പകർപ്പ് തന്നെ വേണ്ടിവരും.
സ്മാർട്ട്കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാർഡാണ് നൽകുന്നത്. കൂടാതെ സർവീസ് ചാർജ്ജും ഈടാക്കുന്നുണ്ട്. സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകുന്ന, കേന്ദ്രീകൃത ലൈസൻസ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഫലവത്തായിട്ടില്ല. 2021 ആദ്യത്തോടെ സ്മാർട്ട് കാർഡിലേക്ക് മാറാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.