1

തിരുവനന്തപുരം:ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ താരമായത് അംഗങ്ങളിലെ ഇളംപ്രായക്കാരി ബിൻഷ ബി.ഷറഫാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് കല്ലറ ഡിവിഷനിലെ ബിൻഷ. ചെറുപ്പത്തിന്റെ ചുറുചുറക്കും ഇടതുപക്ഷത്തിന്റെ ആവേശവും ബിൻഷയെ പ്രചാരണരംഗം മുതൽ സജീവമാക്കിയിരുന്നു. ആദ്യ കൗൺസിൽ യോഗത്തിൽ മുതിർന്ന അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിക്കുന്ന കൂട്ടത്തിൽ ഭരണസമിയിലെ കുട്ടി അംഗത്തിനും ക്ഷണമുണ്ടായിരുന്നു. ആദ്യ പ്രസംഗംതന്നെ കസറുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ ജില്ലാ പഞ്ചായത്ത് അംഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ബിൻഷ പങ്കുവച്ചു. തന്റെ ഡിവിഷനായ കല്ലറയുടെ വികസനത്തിന് തന്റെ കഴിവിനനുസരിച്ചുള്ള വികസനം നടപ്പാക്കാൻ ശ്രമിക്കുമെന്നും ബിൻഷ പറഞ്ഞു. അതിന്വേണ്ടി മുതിർന്ന അംഗങ്ങളുടെ സഹായവും മാർഗനിർദ്ദേശവുമുണ്ടെന്നും ബിൻഷ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകയാകണമെന്നായിരുന്നു ബിൻഷയുടെ ആഗ്രഹം. കൗമുദി ചാനലിലൂടെ മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ബിൻഷയ്ക്ക് അപ്രതീക്ഷതമായാണ് സ്ഥാനാർത്ഥിത്വം തേടിവന്നത്. 6009 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിൻഷ വിജയിച്ചത്. കൗൺസിൽ പഞ്ചായത്ത് യോഗം കഴിഞ്ഞും പല അംഗങ്ങളും കുട്ടി അംഗത്തെ പരിചയപ്പെടാനും കുശലം പറയാനും അടുത്തെത്തി.ഒരു ചിരികൊണ്ടും തന്റെ പ്രസംഗം കൊണ്ടും ഇന്നലെത്തന്നെ കുട്ടിഅംഗം താരമായി.