
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീ പാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം ഈ മാസം 29 മുതൽ ജനുവരി ഒൻപത് വരെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന 1500 പേർക്ക് മാത്രം ദിവസേന പ്രവേശനം അനുവദിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10 മുതൽ ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം.
വെർച്വൽ ക്യൂവിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 10 വയസിൽ താഴെയുള്ളവർ, 60 വയസ് പിന്നിട്ടവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർക്ക് ദർശനം അനുവദിക്കില്ല. അന്യ സംസ്ഥാനത്തുനിന്നുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത കൊവിഡ് പരിശോധനാഫലം ഹാജരാക്കണം.
ദർശനം സാധിക്കാത്തവർക്ക് ഓൺലൈനായി വഴിപാടുകൾ നടത്താം. പ്രസാദം തപാലിൽ അയച്ചുതരും. വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിനും വഴിപാടുകൾക്കും www.thiruvairanikkulamtemple.org എന്ന വെബ്സൈറ്റ് വഴിയും ELLAMZ എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. വഴിപാട് കൗണ്ടർ ഫോൺ: 9383480182, 9596572182.
വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ സി.പി ഷാജി, പി.യു രാധാകൃഷ്ണൻ, കെ.എ പ്രസൂൺകുമാർ, കെ.കെ ബാലചന്ദ്രൻ, എം.ആർ രാഗേഷ് എന്നിവർ പങ്കെടുത്തു.