
വർക്കല: വർക്കല നഗരസഭ കവാടത്തിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വരണാധികാരി ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)കെ. മോഹൻകുമാർ ഏറ്റവും മുതിർന്ന അംഗവും വാർഡ് 31ൽ നിന്നും വിജയിച്ച എൻ. അശോകന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് 1 മുതൽ 33 വരെയുള്ള അംഗങ്ങൾക്ക് അശോകൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യ യോഗം കൗൺസിൽ ഹാളിൽ മുതിർന്ന അംഗമായ എൻ. അശോകന്റെ അദ്ധ്യക്ഷതയിൽ നടന്നു. അസി. റിട്ടേണിംഗ് ഓഫീസർമാരായ വിജി, ബീന കുമാരി, മുൻസിപ്പൽ സെക്രട്ടറി എൻ.എസ്. സജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
28ന് രാവിലെ 11ന് ചെയർമാൻ സ്ഥാനത്തേക്കും ഉച്ചയ്ക്ക് 2ന് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. ജനറൽ വിഭാഗത്തിനാണ് ചെയർമാൻ സ്ഥാനം. വൈസ് ചെയർപേഴ്സൻ ജനറൽ വനിതയ്ക്കാണ്.
അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ മുൻ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അജുലാൽ, സി.പി.എം നേതാക്കളായ വി. സത്യദേവൻ, അഡ്വ. എഫ്. നഹാസ്, കോൺഗ്രസ് നേതാക്കളായ ബി. ധനപാലൻ, കെ. രഘുനാഥൻ എന്നിവർ പങ്കെടുത്തു.