
തിരുവനന്തപുരം: ഓൺലൈൻ ക്ളാസുകൾ തത്കാലം നിറുത്തിയതോടെ, എങ്ങനെ പഠിച്ച് തീരുമെന്നും പരീക്ഷ എന്ന് വരുമെന്നുമറിയാതെ ഒൻപതാം ക്ളാസ് വരെയുള്ള കുട്ടികൾ ആശങ്കയിൽ.
40 ശതമാനം പാഠഭാഗങ്ങൾ പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ 18 ന് ഓൺലൈൻ വഴിയുള്ള ഇവരുടെ ക്ളാസുകൾ അവസാനിപ്പിച്ചു. ജനുവരി 4 ന് വീണ്ടും തുടങ്ങുമെന്നാണ് അറിയിച്ചിരിന്നതെങ്കിലും അതുണ്ടാവാനുള്ള സാദ്ധ്യത വിരളമാണ്. പത്ത്, പ്ളസ് ടുക്കാർക്ക് കൂടുതൽ ക്ളാസുകൾ നടത്താനാണ് നീക്കം. ഇവരുടെ ക്ളാസുകളും പരീക്ഷയും കഴിയുമ്പോൾ ഈ അദ്ധ്യയനവർഷം തീരും. ഒൻപതാം ക്ളാസ് വരെയുള്ളവരുടെ പരീക്ഷ ഒഴിവാക്കാനാണ് നീക്കം. പരീക്ഷ ഒഴിവാക്കിയാലും പാഠഭാഗങ്ങൾ പൂർത്തിയാക്കാതെവരുന്നത് പത്താം ക്ളാസിലെ പഠനത്തെ ബാധിക്കുമോ എന്ന ആശങ്ക കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ട്.
40 ലക്ഷം കുട്ടികളാണ് ഒന്നു മുതൽ പ്ളസ് ടു വരെയുള്ളത്. ഇതിൽ പത്തും പ്ളസ് ടുവും ഒഴിച്ചുള്ള 33 ലക്ഷം കുട്ടികൾക്ക് വേണ്ട പരിഗണന ഓൺലൈൻ ക്ളാസുകളിൽ കിട്ടുന്നില്ലെന്നാണ് പരാതി. പത്തിനും പ്ളസ് ടുവിനുമാണ് പ്രാധാന്യം നൽകുന്നത്. ഒൻപതു വരെയുള്ള കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള മാർഗവുമില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് ആശയക്കുഴപ്പത്തിൽ. അൺഎയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് അദ്ധ്യാപകർ ഓൺലൈനിലൂടെ ക്ളാസുകളെടുക്കുന്നുണ്ട്.
ജനുവരി മുതൽ പത്തിലെയും പ്ളസ് ടുവിലെയും കുട്ടികൾക്ക് സ്കൂളിലെത്തി സംശയം തീർക്കാം. ഇവരുടെ പരീക്ഷ നടത്തുന്നതിന് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾക്കും, ടൈംടേബിളിനും നാളെ വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം അന്തിമരൂപം നൽകും.