
തിരുവനന്തപുരം: ഡൽഹിയിൽ രൂക്ഷമാവുന്ന കർഷകസമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കുന്നതിന് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. നിയമസഭ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
കർഷകസമരം ഒത്തുതീർപ്പാക്കണമെന്ന് ഒരു സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത് ഇതാദ്യമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചത്. കർഷകസമരത്തോട് കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികൾക്ക് ഐക്യദാർഢ്യമുള്ളതിനാൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കാനാവും. ബി.ജെ.പി അംഗം ഒ. രാജഗോപാൽ വിയോജിച്ചേക്കും.
അതേസമയം, കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നതിൽ ഗവർണറുടെ നിലപാട് നിർണായകമാകും. കഴിഞ്ഞ ഡിസംബറിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭ തീരുമാനിച്ചതിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിയോജിച്ചിരുന്നു. സർക്കാർ നീക്കത്തെ അന്നദ്ദേഹം രൂക്ഷമായി വിമർശിച്ചു. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലേതിന് സമാനനിലപാടാണ് ഇപ്പോൾ കാർഷിക നിയമങ്ങളുടെ കാര്യത്തിലും സംസ്ഥാന സർക്കാരിന്റേത്.
നാളെ രാവിലെ 9ന് ചേരുന്ന സമ്മേളനം ഒരു മണിക്കൂർ മാത്രമായിരിക്കും. ജനുവരി എട്ട് മുതൽ നിയമസഭാസമ്മേളനം വിളിക്കുന്നതിന് കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ അത് അസാധുവാകും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം വീണ്ടും ശുപാർശ ചെയ്യും.