des21d

ആറ്റിങ്ങൽ: നാളികേര വികസന കോർപ്പറേഷന്റെ കീഴിലെ മാമത്തെ നാളികേര കോംപ്ലക്സിൽ നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ എല്ലാം അവതാളത്തിലായി. വരുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പുതിയ പദ്ധതി ഉടൻ പ്രതീക്ഷിക്കാമെന്നാണ് സൂചന. എല്ലാനിയമസഭാ തിരഞ്ഞെടുപ്പിനും മുൻപ് നാളികേര കോംപ്ലക്സിൽ ഒരു പദ്ധതി ഉദ്ഘാടനം പതിവാണ്.

വക്കം പുരുഷോത്തമൻ കൃഷി വകുപ്പ് മന്ത്രിയായിരിക്കെ 1975ലാണ് ആറ്റിങ്ങൽ മാമത്ത് കേര കർഷകരെ സഹായിക്കാനായി നാളികേര കോംപ്ലക്സ് സ്ഥാപിക്കാൻ തീരുമാനിച്ചത്. 1980ൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനവും ആരംഭിച്ചു. എന്നാൽ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി 15 വർഷത്തിന് ശേഷം 65 തൊഴിലാളികളുമായി സ്ഥാപനം പൂട്ടി. കേരളത്തിൽ തെങ്ങു കൃഷിയും തേങ്ങ ഉത്പാദനവും കുറഞ്ഞതോടെ കോംപ്ലക്സ് തുറന്നില്ല. 2010മേയ് 31ന് കേരള ഫോറസ്റ്റ് ഇൻഡ‌സ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ മാമത്ത് തെങ്ങിൻ തടി സംസ്കരണ കേന്ദ്രം തുടങ്ങാൻ ശിലാസ്ഥാപനം നടത്തി. പ്രവർത്തനം നടന്നില്ല. പിന്നീട് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കോംപ്ലക്സ് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിറക്കിയെങ്കിലും എതിർപ്പിനെത്തുടർന്ന് അതും നിലച്ചു. 2014ൽ വിവിധ ജില്ലകളിലെ കൃഷി ഭവൻ വഴി സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കി മാറ്റുന്നതിനുള്ള പച്ചത്തേങ്ങ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിച്ചെങ്കിലും അതിന് മൂന്ന് മാസത്തിലധികം ആയുസില്ലായിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോൾ വെർജിൻ കോക് കനട്ട് ഓയിൽ(വെന്ത വെളിച്ചെണ്ണ)​ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി അടഞ്ഞു കിടന്ന സ്ഥാപനം തുറക്കുമ്പോൾ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും നടത്താതെയായിരുന്നു ഉദ്ഘാടനം. അതുകൊണ്ട് പ്രവർത്തിക്കാനായില്ല. നാല് വർഷത്തിനു ശേഷം വീണ്ടും ഈ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഒരു സ്ഥിരം ജീവനക്കാരനും ഒരു കരാർ ജീവനക്കാരനും ഉൾപ്പെടെ 12 പേർക്ക് ഈ പദ്ധതിപ്രകാരം ജോലി നൽകി. കൊവിഡ് ലോക് ഡൗണിന്റെ പേരു പറഞ്ഞ് ഈ പദ്ധതി പൂട്ടിക്കെട്ടി.

നാളികേര കോംപ്ലക്സിലെ പദ്ധതികൾക്ക് ഇതുവരെ ചെലവാക്കിയത്......... 2 കോടി രൂപ

നികുതി കുടിശിക തീർക്കാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല)

വെളിച്ചെണ്ണ യംയ്കരണ യൂണിറ്റ് പദ്ധതിക്ക് അനുവദിച്ചത്...... 5 കോടി

30 ടൺ ഉത്പാദന ശേഷിയുള്ള യന്ത്ര സാമഗ്രികളുടെ വില ...... 2.5 കോടി

സർക്കാർ വിഹിതമായി ലഭിച്ചത്............ 3 കോടി

നാളികേര കോംപ്ലക്സ് നാൾവഴി

1. 1975-- നാളികേര കോംപ്ലക്സ് സ്ഥാപിക്കാൻ തീരുമാനം

2. 1980 -- നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു

3. 1995-- നഷ്ടത്തിലായതിനാൽ സ്ഥാപനം പൂട്ടി

4. 2010-- തെങ്ങിൻതടി സംസ്കരണ കേന്ദ്രത്തിനായി ശിലാസ്ഥാപനം

5. 2011 -- മോട്ടോർവാഹന വകുപ്പിന്റെ തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലം നൽകി

6. 2014 --പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിച്ചു

7. 2015 -- വിർജിൻ കോക്കനട്ട് ഓയിൽ നിർമ്മാണയൂണിറ്റ് ഉദ്ഘാടനം

8. 2019 -- യൂണിറ്റ് വീണ്ടും ആരംഭിച്ചു (കൊവിഡിനെത്തുടർന്ന് വീണ്ടും പൂട്ടി)