തിരുവനന്തപുരം: നഗരസഭയുടെ പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം മുതൽ അവസാനം വരെ കൊവിഡ് പ്രോട്ടോക്കോൾ പേരിന് പോലും പാലിക്കപ്പെട്ടില്ല. രാഷ്ട്രീയ ഭേദമെന്യേ നേതാക്കളും അണികളും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു. കൗൺസിലർമാരടക്കം പലസമയങ്ങളിലും മാസ്ക് ധരിക്കാൻ മറന്നു. 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും 10.30നുള്ളിൽ തന്നെ നഗരസഭാ ഓഫീസ് അങ്കണത്തിൽ തയ്യാറാക്കിയ പന്തലിൽ ആളുകളെത്തിതുടങ്ങിയിരുന്നു. ഇവിടെ സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. ഹാളിലേക്ക് പ്രവേശിക്കുമ്പോൾ നൽകിയ സാനിറ്റൈസറിൽ കൊവിഡ് പ്രോട്ടോക്കോൾ ഒതുങ്ങി. തെർമൽ സ്കാനർ പരിശോധനയും ഉണ്ടായിരുന്നില്ല. കൗൺസിൽ ഹാളിൽ കൗൺസിലർക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാർട്ടിയിലെ അംഗമോ അയ ഒരാളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അമ്പേ പരാജയപ്പെട്ടു. പാർട്ടി അണികളും ബന്ധുക്കളുമായി ചെറുതല്ലാത്തൊരു ആൾക്കൂട്ടം ഹാളിലുണ്ടായിരുന്നു. ഓരോ സ്ഥാനാർത്ഥികളും സത്യപ്രതിജ്ഞയ്ക്കായി പോകുമ്പോൾ മുദ്രാവാക്യം വിളിക്കുന്നതിനായി എൽ.ഡി.എഫ്,​ ബി.ജെ.പി പ്രവർത്തകരുടെ വലിയ നിരയാണ് കൗൺസിൽ ഹാളിലുണ്ടായിരുന്നത്. ഇവിടെയൊന്നും സാമൂഹിക അകലം കണികാണാൻ പോലുമുണ്ടായിരുന്നില്ല. മുദ്രാവാക്യം വിളിക്ക് മാസ്ക് തടസമാകുന്നതിനാൽ ഭൂരിഭാഗം പേരുടെയും കൈയിലോ താടിയിലോ ആയിരുന്നു മാസ്കിന്റെ സ്ഥാനം.

എല്ലാവരും മാസ്ക് ധരിക്കണമെന്ന് കളക്ടർ ചടങ്ങിനിടെ നിർദ്ദേശം നൽകിയെങ്കിലും പ്രവർത്തകർ അവഗണിച്ചു. കൗൺസിൽ ഹാളിനുള്ളിലെ തിരക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരുടെ വാക്കുകളും ആരും കേട്ടില്ല. സെൽഫി എടുക്കലും ആവേശപ്രകടനങ്ങളുമായി അവസാനം വരെ തിക്കും തിരക്കുമായിരുന്നു. ചടങ്ങുകൾക്ക് ശേഷം പുറത്തിറങ്ങിയിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യലും കുശലാന്വേഷങ്ങളുമൊക്കെയായി ആൾക്കൂട്ടങ്ങൾക്കുള്ളിലായിരുന്നു കൗൺസിലർമാർമാരും പ്രവർത്തകരും.