
അതുല്യനടൻ ടി.ആർ. സുകുമാരൻ നായരുടെ നൂറാം ജന്മദിനമാണ് നാളെ. 1920 ഡിസംബർ 26 ആണ് അദ്ദേഹത്തിന്റെ ജനനം, അച്ഛൻ വെച്ചൂർ രാമൻപിള്ള. കഥകളി നടനായിരുന്നു. അദ്ദേഹത്തിന്റെ താടിവേഷങ്ങൾ പ്രസിദ്ധമായിരുന്നു. അമ്മ മീനാക്ഷിഅമ്മ. തിരുവാതിരക്കളി കലാകാരിയായിരുന്നു. പൈതൃകമായി ലഭിച്ച ഈ അഭിനയ താത്പര്യത്തിന്റെ പിൻബലത്തിലാണ് പിന്നീട് നിരവധി കഥാപാത്രങ്ങളെ ഭാവദീപ്തിയോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തത്. മകൻ സർവകലാശാല ബിരുദം സമ്പാദിച്ച് സർക്കാർ ഉദ്യോഗസ്ഥനായി ഭദ്രമായ കുടുംബ ജീവിതം നയിക്കണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. കോട്ടയം സി.എം.എസ് കോളേജിലാണ് ഇന്റർമീഡിയറ്റിന് പഠിച്ചത്. ആദ്യ നാടകാഭിനയത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നത് അവിടെ വച്ചാണ്. 'ധീരവ്രതം" എന്ന നാടകത്തിലെ 'അംബ" യുടെ വേഷമാണ് അന്ന് പരിശീലിച്ചത്. ചില സാങ്കേതിക കാരണങ്ങളാൽ അതിന്റെ രംഗാവതരണം സാദ്ധ്യമായില്ല. പിന്നീട് വൈക്കത്തുള്ള ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷവേളയിൽ സി. മാധവൻപിള്ളയുടെ 'കുമാരി കമല" എന്ന നാടകത്തിൽ അഭിനയിച്ചു. വീട്ടിൽ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.
എങ്കിലും വീട്ടിൽ അറിഞ്ഞു. പിറ്റേദിവസം തന്നെ അച്ഛൻ മകനെ ഉപദേശിച്ചു: 'മകനേ നാടകാഭിനയമൊക്കെ കൊള്ളാം, കാണാതെ പഠിച്ച് പറയാൻ എളുപ്പമാണ്. പക്ഷേ ഓരോ വാക്കിനും അർത്ഥമുണ്ട്. ഓരോ ശബ്ദത്തിനും ഭാവമുണ്ട്. അത് മനസിലാക്കിയാലേ അഭിനയമാകൂ." ഈ ഉപദേശമാകാം വാചികാഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ബിരുദപഠനത്തിനായി ടി.ആർ.എസ് എത്തിച്ചേർന്നത് തിരുവനന്തപുരത്തെ സയൻസ് കോളേജിലാണ്. (ഇന്നത്തെ ഗവ. ആർട്സ് കോളേജ്). അവിടെ വച്ച് പി. നീലകണ്ഠപ്പിള്ളയുടെ ഉഷ നാടകത്തിലെ സത്യകീർത്തി എന്ന കഥാപാത്രത്തെ ഭദ്രമായി രംഗത്തെത്തിച്ചു. പിന്നീടാണ് വഞ്ചിയൂരുള്ള ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ നാടക പ്രവർത്തനവുമായി ബന്ധപ്പെടുന്നത്. ചിത്തിരതിരുനാൾ ഗ്രന്ഥശാല എല്ലാവർഷവും ഓരോ പുതിയ നാടകം അവതരിപ്പിച്ചിരുന്നു. സി.വിയുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ തുടങ്ങിയ ചരിത്രാഖ്യായികകളുടെ നാടകാവിഷ്കാരത്തിൽ നിരവധി കഥാപാത്രങ്ങളെ മിഴിവോടെ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭ്രാന്തൻ ചാന്നാൻ, അനന്തപത്മനാഭൻ, ഉഗ്രഹരിപഞ്ചാനനൻ, കേശവനുണ്ണിത്താൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകുകയുണ്ടായി. കൂട്ടത്തിൽ എടുത്തുപറയേണ്ടത് ഉഗ്രഹരിപഞ്ചാനനൻ എന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണത്.
യശശരീരനായ എൻ. കൃഷ്ണപിള്ളയുടെ 'ഭഗ്നഭവനം" എന്ന ആദ്യനാടകം 1942 ലാണ് തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ അവതരിപ്പിച്ചത്. ആ നാടകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ച് ആവേശം കൊണ്ട പ്രസിദ്ധ നാടകനടൻ പി.കെ. വിക്രമൻനായരും ടി.ആർ. സുകുമാരൻ നായരും ചേർന്നാണ് അവതരിപ്പിക്കുന്നതിന് മുൻകൈയെടുത്തത്. തിരുവനന്തപുരത്തെ നാടകാസ്വാദകരെ അത്ഭുതപ്പെടുത്തിയ ഒരു രംഗാവതരണമായിരുന്നു അത്. ഏതാണ്ട് നാല്പത്തഞ്ച് വർഷങ്ങൾക്കുശേഷം കലാവേദി വീണ്ടും ആ നാടകം ടാഗോർ തിയേറ്ററിൽ അവതരിപ്പിച്ചപ്പോൾ കുടുംബനാഥനായ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത് ടി.ആർ.എസ് ആയിരുന്നു. ആ നാടകത്തിന്റെ സംഘർഷഭരിതമായ അവസാന മുഹൂർത്തത്തിലെ അച്ഛന്റെ നെഞ്ചുപൊട്ടിയുള്ള സംഭാഷണം - എങ്കിലും കണ്ണിൽച്ചോരയില്ലാത്ത ദൈവമേ: നീയെന്റെ മൺകുടിൽ തകർത്തുകളഞ്ഞല്ലോ- അതിന്റെ എല്ലാ വൈകാരിക തീവ്രതയോടെയും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. പ്രേക്ഷകർ വികാരംകൊണ്ട് ഗദ്ഗദകണ്ഠരായ നിമിഷങ്ങളായിരുന്നു അത്.
സി.എൻ. ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിലെ അഭിനയം ടി.ആർ.എസിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. കാഞ്ചനസീതയിലെ ശ്രീരാമൻ, സാകേതത്തിലെ ദശരഥൻ, ലങ്കാലക്ഷ്മിയിലെ രാവണൻ ഈ മൂന്ന് കഥാപാത്രങ്ങളെയും അടുത്തടുത്ത മൂന്ന് ദിവസങ്ങളിലായി വി.ജെ.ടി ഹാളിൽ അവതരിപ്പിച്ചത് തിരുവനന്തപുരത്തെ നാടകാസ്വാദകരുടെ മനസിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. 'നാട്യഗൃഹം" എന്ന നാടക സംഘത്തിന്റെ നേതൃത്വത്തിൽ ലങ്കാലക്ഷ്മി നരേന്ദ്രപ്രസാദ് പിന്നീട് സംവിധാനം ചെയ്ത് തുറസായ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. കളിയൊരുക്കത്തിന്റെ അവസാന നാളുകളിലൊന്നിൽ അദ്ദേഹത്തെ നാടകം കാണാൻ ഞങ്ങൾ ക്ഷണിച്ചു. അല്പം പോലും റിയലിസ്റ്റിക് അല്ലാത്ത വ്യത്യസ്തമായ ആ രംഗാവതരണം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. രാവണനായി അഭിനയിച്ച മുരളിയെയും മണ്ഡോദരിയായി അഭിനയിച്ച ലീലാപണിക്കരെയും മുക്തകണ്ഠം പ്രശംസിക്കാനും മറന്നില്ല.
വാചികാഭിനയത്തിൽ അഗ്രഗണ്യനായിരുന്നു ടി.ആർ.എസ്. ഉരുവിടുന്ന സംഭാഷണത്തിന്റെ ഭാവാർത്ഥം ഗ്രഹിച്ച് കണ്ണുകളുടെയും മുഖപേശികളുടെയും ചലനത്തെ സൂക്ഷ്മമായി വിന്യസിച്ച് കഥാപാത്രങ്ങൾക്ക് അദ്ദേഹം നൽകിയ രംഗഭാഷ്യം നിസ്തുലമായിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ദിവസം വീട്ടിലുള്ളവരോട് പോലും സംസാരിക്കാതെ ധ്യാനമനസോടെ ഇരിക്കുമായിരുന്നു അദ്ദേഹം. ഒരു പരമസാത്വികന്റെ ഭാവമായിരുന്നു എപ്പോഴും ആ മുഖത്ത് കളിയാടിയിരുന്നത്.
കേരള സംഗീതനാടക അക്കാഡമിയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കാനും ടി.ആർ.എസിന് അവസരം ലഭിക്കുകയുണ്ടായി. അത് ആ നാടകാചാര്യന്റെ അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറിസ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹം
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. 1989 സെപ്തംബർ 14ന് ആ മഹാനടൻ അരങ്ങൊഴിഞ്ഞു.
( ലേഖകന്റെ ഫോൺ : 9447130110.)