
തിരുവനന്തപുരം: കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗാണെന്നും യു.ഡി.എഫിൽ ലീഗിന് അപ്രമാദിത്വമെന്നും പ്രചരിപ്പിക്കുന്ന സഖാവ് പിണറായി വിജയൻ, സർ സംഘ് ചാലക് വിജയനായി അധഃപതിക്കുകയാണെന്ന് മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ കുറ്റപ്പെടുത്തി. വിഷം ചീറ്റുന്ന വർഗ്ഗീയ പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നത് രാഷ്ട്രീയ മര്യാദയുടെയും മാന്യതയുടെയും അതിരുകൾ ലംഘിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും ജയിക്കുകയും ചെയ്യുമ്പോൾ നേതാക്കൾ നടത്തുന്ന വിലയിരുത്തലുകളും വിമർശനവും രാഷ്ട്രീയമായ മാന്യതയും മര്യാദയും ഉൾക്കൊള്ളുന്നതാവണം.
തീവ്രവർഗീയവാദികളെന്ന് താങ്കൾ മുദ്ര കുത്തിയ എസ്.ഡി.പി.ഐയുമായി ചേർന്ന് സി.പി.എം മത്സരിച്ചതിന്റെ നേട്ടമാണ് അവർക്ക് ഇക്കുറി ലഭിച്ച 95 ജനപ്രതിനിധികൾ.
യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടി- ഹസ്സൻ - അമീർ കൂട്ടുകെട്ടെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിച്ച് ഭൂരിപക്ഷവർഗ്ഗീയതയെ ചൂഷണം ചെയ്ത് വോട്ടുകൾ നേടാൻ നടത്തിയ ശ്രമം ആവർത്തിക്കുന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ഫേസ്ബുക് പോസ്റ്റ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയെന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചാരണം മാർക്സിസ്റ്റ് അണികൾ ഏറ്റെടുത്ത് ന്യൂനപക്ഷ ഭവനങ്ങളിൽ കയറിയിറങ്ങി ബി.ജെ.പി പേടി വർദ്ധിപ്പിച്ച് വോട്ടുകൾ തട്ടിയെടുക്കാൻ ശ്രമിച്ചത് ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്ന് എല്ലാവർക്കുമറിയാം.