തിരുവനന്തപുരം: ഈ മണ്ണ് ചുവപ്പിച്ചവർക്ക് ആയിരമായിരം അഭിവാദ്യങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തകരും ഈ മണ്ണ് ചുവന്നിട്ടില്ലെന്നും കാവിക്കോട്ടയാണെന്ന് ബദൽ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകരും നിറഞ്ഞുനിന്നതോടെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാചടങ്ങിൽ ആദ്യാവസാനംവരെ ആവേശം ആർത്തിരമ്പി. എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരാണ് മത്സരിച്ച് മുദ്രാവാക്യം വിളിച്ചത്. ജയ് ശ്രീറാം മുഴക്കിയും ഭാരത്‌‌മാതാ കി ജയ് വിളിച്ചും ബി.ജെ.പി ആവേശം ഇരട്ടിയാക്കിയപ്പോൾ, രക്ഷസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചും വിജയികൾക്ക് റെഡ് സല്യൂട്ട് നൽകിയും എൽ.ഡി.എഫും വീര്യം നിറച്ചു. ആവേശം അതിരുവിട്ടപ്പോൾ വരണാധികാരി കൂടിയായ കളക്ടർ നവ്ജ്യോത് ഖോസയ്ക്ക് ഇടപെടേണ്ടിവന്നു. അതേസമയം യു.ഡി.എഫ് പ്രവർത്തകരുടെ ഭാഗം നിശ്ബദമായിരുന്നു. മൂന്ന് സ്വതന്ത്രർക്ക് വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കൗൺസിലിലെ മുതിർന്ന അംഗമായ അശോക്‌കുമാറിനെ സത്യപ്രതിജ്ഞയ്ക്കായി കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി പേരുവിളിച്ചതോടെ കൈയടികൾ ഉയർന്നു. പിന്നാലെ വാർഡുകളുടെ ക്രമം അനുസരിച്ച് ആദ്യം കഴക്കൂട്ടത്തെ കവിത. എൽ.എസ് ചുമതലയേറ്റു. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യംവിളി തുടങ്ങി. അഞ്ചാമതായി ചെറുവയ്ക്കലിലെ ബിന്ദുവിന്റെ പേര് വിളിച്ചതോടെ ബി.ജെ.പി പ്രവർത്തകരും കളം നിറഞ്ഞു. സി.പി.എമ്മിലെ മുതിർന്ന വനിതാ നേതാവും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരൂർക്കടയിലെ പി. ജമീല എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. വട്ടിയൂർക്കാവിലെ പാർവതിക്ക് വേണ്ടിയും അഭിവാദ്യമുയർന്നു. കൊടുങ്ങാനൂരിലെ പത്മയുടെ പേര് വിളിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ബദൽ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റും പൂജപ്പുരയിലെ കൗൺസിലറുമായ വി.വി. രാജേഷിനെ ക്ഷണിച്ചതോടെ പ്രവർത്തകർ ഇളകിമറിഞ്ഞു. മുദ്രാവാക്യംവിളി അവസാനിക്കുന്നത് കാത്തുനിന്ന ശേഷമാണ് രാജേഷ് സത്യപ്രതിജ്ഞ ചെയ്‌തത്. പിന്നാലെ വലിയശാലയിലെ കൃഷ്‌ണകുമാറിന്റെ പേര് വിളിച്ചതോട മുദ്രാവാക്യം വിളിച്ച് എൽ.ഡി.എഫ് പ്രവർത്തകർ പകരംവീട്ടി. കരമനയിലെ മഞ്ജുവിനായി ബി.ജെ.പി പ്രവർത്തകർ തോരാതെ മുദ്രാവാക്യം വിളിച്ചപ്പോൾ ഇടത് അംഗങ്ങളായ ആറന്നൂരിലെ ബിന്ദുമേനോനും മുടവൻമുകളിൽ നിന്നുള്ള കൗൺസിലെ പ്രായം കുറഞ്ഞ അംഗം കൂടിയായ ആര്യാ രാജേന്ദ്രനും എത്തിയതോടെ ഈ മണ്ണ് ചുവപ്പാണെന്ന വിളികൾ വീണ്ടും ഉയർന്നു. നേമത്തെ ബി.ജെ.പി അംഗം ദീപികയ്ക്ക് പിന്തുണ അറിയിച്ച പ്രവർത്തകർ ഈ മണ്ണ് ചുവന്നിട്ടില്ലെന്നും കാവിക്കോട്ടയാണെന്നും തിരിച്ചടിച്ചു. ഇതോടെ കളക്ടർ നവ്‌ജ്യോത് ഖോസ ഇടപ്പെട്ടു. കൗൺസിലിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും അതിരുവിട്ട മുദ്രാവാക്യം വിളികൾ പാടില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. എന്നാൽ പ്രവർത്തകർ വഴങ്ങിയില്ല. മേലാങ്കോട് വാർഡിലെ ശ്രീദേവിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ആവേശഭരിതരായ ബി.ജെ.പി പ്രവർത്തകർ രണ്ടുവട്ടം ജയ് ശ്രീറാമെന്ന് ആർത്തുവിളിച്ചു. പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകർ രക്ഷസാക്ഷികൾ സിന്ദാബാദെന്ന് തിരിച്ചുവിളിച്ചു. 1.30ന് സത്യപ്രതിജ്ഞ അവസാനിച്ചതോടെ ആദ്യ കൗൺസിൽ യോഗം ചേരാനുള്ളതിനാൽ മുദ്രാവാക്യം വിളി അവസാനിപ്പിക്കണമെന്ന് വീണ്ടും കളക്‌ടർ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ പ്രവർത്തകർ വഴങ്ങാൻ കാത്തുനിന്ന ശേഷം 1.37നാണ് യോഗം തുടങ്ങിയത്.