ponmudi

വിതുര: നിയന്ത്രണങ്ങൾ നീക്കിയതോടെ പൊന്മുടിയിലേക്ക് സഞ്ചാരികൾ പ്രവഹിക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ചയാണ് പൊന്മുടി തുറന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് പൊന്മുടി അടച്ചത്. ശനിയാഴ്ച മാത്രം രണ്ടായിരത്തോളം പേരാണ് പൊന്മുടിയുടെ സൗന്ദര്യം നുകരാൻ മലകയറിയത്. ഞായറാഴ്ചയും സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. ഞായറാഴ്ച അയ്യായിരത്തിൽ പരം പേരാണ് പൊന്മുടിയിലേക്ക് എത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

സഞ്ചാരികളുടെ ബാഹുല്യം കാരണം പൊന്മുടി വീർപ്പുമുട്ടുകയായിരുന്നു. അപ്പർ സാനിറ്റോറിയം വാഹനങ്ങളാൽ നിറഞ്ഞു. പൊന്മുടി-കല്ലാർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വൈകിട്ട് നാലുവരെയാണ് സഞ്ചാരികളെ കടത്തിവിട്ടത്. തുടർന്ന് കല്ലാർ ചെക്ക് പോസ്റ്റ് അടച്ചു. നൂറുകണക്കിന് സഞ്ചാരികൾ പൊന്മുടിയിലേക്ക് പോകുവാൻ കഴിയാതെ നിരാശരായി മടങ്ങി. ഇന്നലെയും നൂറുകണക്കിന് സഞ്ചാരികൾ പൊന്മുടിയിലെത്തിയിരുന്നു.

സർവത്ര തിരക്ക്

പൊന്മുടിക്ക് പുറമെ വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളായ കല്ലാർ, മീൻമുട്ടി, പേപ്പാറ, ബോണക്കാട്, വാഴ്വാൻ തോൾ, ചാത്തൻകോട്, ചീറ്റിപ്പാറ മേഖലകളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പൊന്മുടിയിൽ മൂന്നുദിവസം കൊണ്ട് വനംവകുപ്പിന് പാസ് ഇനത്തിൽ രണ്ട് ലക്ഷത്തിൽ പരം രൂപയാണ് വരുമാനം ലഭിച്ചത്. പൊന്മുടിയിൽ അടുത്തിടെ കോടികൾ മുടക്കി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പുതിയ പൊലീസ് സ്റ്റേഷനും സഞ്ചാരികൾക്ക് കൗതുകം സമ്മാനിക്കുന്നുണ്ട്.

ഇനിയും തിരക്കേറും

ക്രിസ്മസും ന്യൂ ഇയറും എത്തുന്നതോടെ സഞ്ചാരികളുടെ തിരക്ക് ഇനിയും ഏറും. എന്നാൽ കുടിവെള്ളത്തിനും ഭക്ഷണത്തിനും അപ്പർ സാനിറ്റോറിയത്തിൽ സൗകര്യം ഇല്ലാത്തതാണ് സഞ്ചാരികളെ വലയ്ക്കുന്നത്. നിലവിൽ രണ്ടുമണിക്കൂർ മാത്രമാണ് പൊന്മുടിയിൽ സന്ദർശനം നടത്താൻ വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് പൊതുവായുള്ള ആവശ്യം. അപ്പർ സാനിറ്റോറിയത്തിൽ കാന്റീനിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നാണ് വനംവകുപ്പ് അധികാരികൾ പറയുന്നത്.

ഞായറാഴ്ച എത്തിയത്: 5000 പേർ

കളക്ഷൻ: 2 ലക്ഷം രൂപ