drugs

തിരുവനന്തപുരം: ആഫ്രിക്കയടക്കമുള്ള അന്യഭൂഖണ്ഡങ്ങളിലെ ലഹരിമരുന്നുകളിൽ അമരുകയാണ് കേരളം. ഇതിന്റെ ചുവടുപിടിച്ച് റിസോർട്ടുകളും ഫ്ലാറ്റുകളും വീടുകളുമെല്ലാം വാടകയ്ക്കെടുത്ത് ലഹരി-നിശാ പാർട്ടികൾ കൊഴുക്കുകയാണ്. രണ്ടു വർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്. എന്നാൽ കടത്തുന്നതിന്റെ ഒരു ശതമാനം പോലും പിടികൂടുന്നില്ല. ഇങ്ങനെ പോയാൽ ലഹരിവ്യാപാരത്തിൽ പഞ്ചാബിനെ പിന്നിലാക്കി കേരളത്തിന് ഒന്നാമതാവാൻ അധികകാലം വേണ്ടിവരില്ല.

നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി പോളണ്ട്, നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നും കൊക്കെയ്നെത്തിക്കുന്നുണ്ട്. കൊറിയറിൽ വീട്ടിലെത്തിക്കുന്ന ഓൺലൈൻ സൈറ്റുകളുമുണ്ട്. രണ്ടു കൊറിയർ സർവീസുകളിലെ റെയ്ഡിൽ കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. സ്വകാര്യബസുകൾക്കും ട്രെയിനുകൾക്കും പകരം ഇപ്പോൾ കണ്ടെയ്‌നർ ലോറിയിലും വിമാനത്തിലുമാണ് ലഹരികടത്ത്. പക്ഷേ ഒറ്റുകാരുടെ കാരുണ്യത്തിൽ വല്ലപ്പോഴുമുള്ള ലഹരിപിടുത്തം മാത്രമാണ് നടക്കുന്നത്.

അമൃത്‌സറും മുംബയും കഴിഞ്ഞുള്ള വലിയ ലഹരിവിപണിയാണ് കൊച്ചി. തിരുവനന്തപുരത്ത് പ്രതിമാസം 100 കോടിയുടെ ലഹരിമരുന്നാണ് വിൽക്കുന്നത്. രാജസ്ഥാനിൽ മരുന്നിനായ 'ഓപിയം" കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ട് മൊത്തവ്യാപാരം നടത്തുന്നുണ്ട്.

@ ഉന്മാദികൾ 5

 എൽ.എസ്.ഡി

ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എൽ.എസ്.ഡി. സ്റ്രിക്കറായി നാവിലൊട്ടിക്കാം, ക്രിസ്റ്റലുമുണ്ട്. 12മണിക്കൂർ വരെ ലഹരി കിട്ടും.

 കഞ്ചാവ്

മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ആന്ധ്രയിലെ നരസിപ്പട്ടണം, ചിന്തപ്പള്ളി, പാടേരു മേഖലകളിൽ നിന്നാണ് ലോറികളിൽ കഞ്ചാവെത്തുന്നത്. അവിടെ പതിനായിരക്കണക്കിന് ഏക്കർ കഞ്ചാവുതോട്ടങ്ങളുണ്ട്.

 'മെത്ത്ട്രാക്‌സ്"
കിലോയ്‌ക്ക് ഒരുകോടി വില. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്നു. 5മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാകും. ലോകം മുഴുവൻ നിരോധിച്ചതായതിനാൽ ഡിമാന്റേറെ.

 ഹാഷിഷ്
ബംഗളൂരുവിൽ നിന്നാണ് ഹാഷിഷ് എത്തിക്കുന്നത്. അഞ്ച് ഗ്രാമിന് 1000 രൂപ. സ്കൂളുകളും കോളേജുകളും വിപണി. കഞ്ചാവ് ചെടി വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലും സുലഭം. ആന്ധ്രയിൽ നിർമ്മിക്കുന്ന ഇത് ഡാൽഡ പായ്‌ക്കറ്റിലാണ് കടത്തുന്നത്.

 എഫിഡ്രിൻ
ആസ്‌ത്മാ രോഗികൾക്ക് ശ്വാസതടസത്തിന് നൽകിയിരുന്ന എഫിഡ്രിൻ മരുന്ന് നിരോധിച്ചെങ്കിലും, കിലോയ്‌ക്ക് മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നായി കേരളത്തിൽ സുലഭം.

അന്വേഷണങ്ങൾ പ്രഹസനം

 സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തതിനാൽ ലഹരിമരുന്ന് കേസുകളിലെ കുറ്റപത്രങ്ങൾ റദ്ദാക്കുന്നത് പതിവ്

 കേസെടുത്ത ഉദ്യോഗസ്ഥൻ കുറ്റപത്രം നൽകരുതെന്ന ഉത്തരവ് ലംഘിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് വളപ്പിൽ 135കിലോ കഞ്ചാവ് പിടിച്ച കേസ് റദ്ദാക്കി

 പൊലീസിന്റെ പിഴവുകാരണം 24 വർഷംവരെ ശിക്ഷകിട്ടാവുന്ന ഈ കേസിലെ മൂന്ന് പ്രതികൾ ഊരിപ്പോയി.

 പത്തുകോടിയുടെ ഹാഷിഷുമായി നാല് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ കേസിലും പൊലീസിന് ഇതേവീഴ്ചയുണ്ടായി