pinaryi-

തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഇതര ക്രിസ്ത്യൻ സഭകളുടെ മേലദ്ധ്യക്ഷന്മാരുമായും സഭാപ്രതിനിധികളുമായും ചർച്ച നടത്തി.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, ലത്തീൻ സഭയുടെ ബിഷപ്പ് ജോസഫ് കരിയിൽ, ഡോ. തിയോഡോസിയസ് മാർതോമ മെത്രാപ്പൊലീത്ത, ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് (സി.എസ്.ഐ), സിറിൽ മാർ ബയേലിയോസ് മെത്രാപ്പൊലീത്ത, കാൽഡിയൽ ചർച്ച് ബിഷപ്പ് ഓജീൻ മാർ കുര്യാക്കോസ്, ക്നാനായസഭ മെത്രാപ്പൊലീത്ത മാർ സെവറിയോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ തർക്കം പരിഹരിക്കുന്നതിന് ചില നിർദ്ദേശങ്ങൾ സഭാ മേധവികൾ മുന്നോട്ടുവെച്ചു. ഓർത്തഡോക്സ്, യാക്കോബായ സഭകൾ ഒന്നിച്ചുപോകാനുള്ള സാദ്ധ്യത വിദൂരമായതിനാൽ ആരാധനാലയങ്ങളിൽ ഭൂരിപക്ഷാഭിപ്രായം മാനിച്ചുള്ള സംവിധാനമുണ്ടാക്കണം. പൊതുയോഗത്തിലൂടെ നിർണ്ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം. അതേസമയം, ഇടവകയിലെ ന്യൂനപക്ഷത്തിന് ആരാധന നടത്താനുള്ള സാഹചര്യം ഭൂരിപക്ഷത്തിന്റെ സഹകരണത്തോടെ ഒരുക്കണം. ആരാധനാലയങ്ങളിൽ സമയക്രമം നിശ്ചയിച്ച് പ്രാർത്ഥന അനുവദിക്കുകയോ സമീപത്തു തന്നെ മറ്റൊരു ദേവാലയം ന്യൂനപക്ഷത്തിന് വേണ്ടി പണിയുകയോ ആവാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നൽകണം. ഒരു ദേവാലയം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തിന് വിട്ടുകൊടുത്താലും വിശേഷ ദിവസങ്ങളിൽ ഇതര വിഭാഗത്തിനും പ്രാർത്ഥന നടത്താൻ കഴിയണം. ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാർത്ഥന നടത്താനും സൗകര്യമുണ്ടാകണം.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ബിഷപ്പുമാർ പിന്തുണ അറിയിച്ചു.

സഭാനേതാക്കളുടെ നിർദ്ദേശങ്ങളിൽ നിയമവശം പരിശോധിച്ച് തുടർനടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽത്തന്നെ സർക്കാർ നിലപാടെടുക്കും. ഇരുസഭകളുമായുള്ള ആശയവിനിമയം സർക്കാർ തുടരും. ഇതരസഭകളുടെ അദ്ധ്യക്ഷൻമാർ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ചർച്ച നടത്തണമെന്ന നിർദ്ദേശം സ്വീകാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.