
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ കുത്തി നിറയ്ക്കരുതെന്നും തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ നിർദ്ദേശവും നടപ്പിലാക്കൻ കെ.എസ്.ആർ.ടി.സിക്ക് ഇന്നലെ ആയില്ല. സർവീസുകളുടെ കുറവുകാരണം ഇന്നലെയും കൊവിഡ് പേടിയെ നിവൃത്തികേടുകൊണ്ട് മറന്ന് യാത്രക്കാർക്ക് ബസിനുള്ളിലേക്ക് ഇടിച്ചുകയറി തൊട്ടുരുമ്മി യാത്ര ചെയ്യേണ്ടി വന്നു. രോഗ വ്യാപനത്തിൽ ഇനിയുള്ള രണ്ടാഴ്ച നിർണായകമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരിക്കെയാണ് ഈ അനാരോഗ്യ യാത്ര തുടർക്കഥയാകുന്നത്.
പ്രവൃത്തിദിനമായ തിങ്കളാഴ്ച മുതൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തണമെന്ന് ശനിയാഴ്ച മന്ത്രി കെ.എസ്.ആർ.ടി.സിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ നാമമാത്രമായാണ് സർവീസുകൾ കൂട്ടിയത്. തിരക്കു കുറയ്ക്കുന്നതിന് ഒട്ടും പര്യാപ്തമായിരുന്നില്ല അത്. മന്ത്രിയുടെ നിർദ്ദേശം നടപ്പിലാകുമെന്ന് പ്രതീക്ഷിച്ച് ഓഫീസ് സമയം കഴിഞ്ഞപ്പോൾ ബസ് സ്റ്റോപ്പുകളിലെല്ലാം നല്ല തിരക്കായിരുന്നു. ഡിപ്പോയിൽ നിന്നു നിറയെ യാത്രക്കാരുമായി പോകുന്ന ബസ് അടുത്ത സ്റ്റോപ്പുകളിൽ നിറുത്താതെയാണ് പോകുന്നത്.
ഇന്നലെ 2,990 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. ശനിയാഴ്ചത്തെക്കാൾ 123 സർവീസുകൾമാത്രം കൂടുതൽ. സ്റ്റാൻഡ് ബൈ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിൽ വന്ന വീഴ്ചയും കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണി തീർത്തിറക്കുന്നതിൽ വരുന്ന കാലതാമസവുമാണ് മന്ത്രിയുടെ നിർദ്ദേശം പാലിക്കുന്നതിന് തടസം. ജീവനക്കാരിൽ ഒരു വിഭാഗം ഹിതപരിശോധനയുടെ ഭാഗമായി ജോലിക്കു ഹാജരാകാതെ മുങ്ങിനടക്കുകയാണെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഹിതപരിശോധന കഴിഞ്ഞ ശേഷം അടുത്ത നടപടിയിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലാണ് മാനേജ്മെന്റും.
''കുറച്ചു ദിവസമായി ഞെങ്ങിഞെരുങ്ങിയാണ് യാത്ര. സ്വന്തമായി വാഹനം വാങ്ങാൻ ശേഷിയില്ലാത്തതുകൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത്''-
ബിന്ദു, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി