
വെഞ്ഞാറമൂട് :വാമനപുരം ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അതാത് പഞ്ചായത്തുകളിൽ നടന്നു.മേഖലയിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് ആളുകളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. ഇതിനായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിരുന്നു. കൗണ്ടറിൽ നിന്നും ആവശ്യത്തിന് സാനിറ്റൈസർ നൽകി.
ഏറ്റവും പ്രായം കൂടിയ അംഗത്തെ വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു.നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ വരണാധികാരി പ്രേമവല്ലിയ്ക്ക് മുൻപാകെ മാണിക്കമംഗലം വാർഡ് മെമ്പർ ബാബു പി. മാണിക്കമംഗലവും മാണിക്കലിൽ വരണാധികാരി അനിതയ്ക്ക് മുൻപാകെ തലയിൽ വാർഡ് മെമ്പർ ശ്യാമളയും, പുല്ലമ്പാറ വരണാധികാരി സുരേഷ് മുൻപാകെ കൂനൻവേങ്ങ വാർഡ് മെമ്പർ അബ്ദുൽ മജീദും , കല്ലറ വരണാധികാരി സിന്ധുവിന് മുൻപാകെ മുളവിക്കോണം വാർഡ് മെമ്പർ ഗോപാലകൃഷ്ണൻ നായരും, പാങ്ങോട് വരണാധികാരി ബിജുവിന് മുൻപാകെ അംബേദ്കർ കോളനി വാർഡ് മെമ്പർ ലളിതകുമാരിയും , വാമനപുരത്ത് വരണാധികാരി ബാലസുബ്രഹ്മണ്യം മുൻപാകെ കുറ്റിമൂട് വാർഡ് മെമ്പർ കുറ്റിമൂട് ബഷീറും സത്യപ്രതിജ്ഞ ചെയ്തു.വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരി ജി.സുധാകരന് മുൻപാകെ നന്ദിയോട് ഡിവിഷൻ സ്ഥാനാർത്ഥി രാധാ ജയപ്രകാശ് സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗങ്ങൾ മറ്റ് അംഗങ്ങളെ സത്യപ്രതിജ്‌ഞ ചെയ്യിപ്പിച്ചു. തുടർന്ന് അംഗങ്ങൾ പ്രതിജ്ഞ രജിസ്റ്ററിലും, കക്ഷി ബന്ധം തെളിയിക്കുന്ന രജിസ്റ്ററിലും ഒപ്പുവച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.യോഗത്തിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് സെക്രട്ടറി വായിച്ചു.