udf

തിരുവനന്തപുരം: കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗാണോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിൽ പൊതിഞ്ഞ വിമർശനത്തെ മുസ്ലീം സമുദായത്തിനെതിരായ ആക്രമണമായി വ്യാഖ്യാനിച്ച് രാഷ്ട്രീയായുധമാക്കാൻ യു.ഡി.എഫ്.

മുസ്ലിംലീഗിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന സമസ്ത ഇന്നലെ മുഖപത്രത്തിലൂടെ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തു വന്നു. മുന്നണിക്ക് പിൻബലമേകിയിരുന്ന സമുദായങ്ങളിൽ അകൽച്ചയുണ്ടായത് തദ്ദേശതിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ചുവെന്ന് കരുതുന്ന യു.ഡി.എഫ്, അവരെ വീണ്ടും അടുപ്പിക്കുന്നതിന് നീക്കമാരംഭിച്ചിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.

ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തിന് പിന്നാലെ, അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. വർഗീയമായി ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നതെന്നാണ് ആക്ഷേപം.. സംഘപരിവാറിന്റെ ശൈലിയിലുള്ള വിമർശനമെന്ന് ആക്ഷേപിക്കാൻ, ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ പ്രതികരണങ്ങളെയും ലീഗ് നേതാക്കൾ കൂട്ടുപിടിക്കുന്നു. വെൽഫെയർ പാർട്ടി ബാന്ധവത്തിന്റെ പേരിലുളവായ ആശയക്കുഴപ്പം തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായി മാറിയ യു.ഡി.എഫ്, അത് മറികടക്കാനും

ഇതിലൂടെ വഴി തേടുന്നു.

കുഞ്ഞാലിക്കുട്ടിയെയും ജമാഅത്തെ അമീറിനെയും ഹസ്സനെയും വലിച്ചിഴച്ച് കൊണ്ടുവരുന്നതിനെ മുസ്ലീം സമുദായത്തിനെതിരായ നീക്കമായേ കാണാനാകൂവെന്നാണ് സമസ്തയുടെ വിമർശനം. യു.ഡി.എഫിന്റെ തലപ്പത്ത് ലീഗ് വരുന്നതിലെന്ത് തെറ്റാണെന്നും അവർ ചോദിക്കുന്നു. പൗരത്വനിയമ ഭേദഗതി വിഷയത്തിലടക്കം സമസ്തയുടെ നിലപാട് സി.പി.എമ്മിന് അനുകൂലമായിരുന്നു. അതിൽ നിന്നുള്ള സ്വരംമാറ്റമാണ് ശ്രദ്ധേയം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനെ തുണച്ച മുസ്ലീം സമുദായത്തിന്റെ പിന്തുണ ,

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും യു.ഡി.എഫിനൊപ്പമായി. അതിന് ദേശീയ രാഷ്ട്രീയസ്ഥിതിഗതികളും രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവുമെല്ലാം സ്വാധീന ഘടകമായിട്ടുണ്ട്. എന്നാൽ, പിന്നീട് പൗരത്വനിയമ ഭേദഗതി വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളും മറ്റും അവരെ സ്വാധീനിച്ചു.

ക്രൈസ്തവമേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങൾ സമീപകാലത്തായി സി.പി.എമ്മിൽ നിന്നുണ്ട്. ജോസ് കെ.മാണിയെ ഇടതുചേരിയിലെത്തിച്ചത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ലീഗ് വിരുദ്ധ പരാമർശവും ഇത്തരം നീക്കങ്ങളുടെ തുടർച്ചയാണോയെന്ന് യു.ഡി.എഫ് സംശയിക്കുന്നു. ക്രൈസ്തവമേഖലയിൽ, പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ സമീപകാലത്തായി ലീഗ് വിരുദ്ധമനോഭാവം പ്രകടമാകുന്നതായി വിലയിരുത്തലുകളുണ്ട്. പൊതുവെ ഇടതിന് സ്വീകാര്യത കുറവായിരുന്ന മദ്ധ്യതിരുവിതാംകൂറിൽ അത് മാറ്റിയെടുക്കാൻ തദ്ദേശ തിരഞ്ഞെടുപ്പോടെ ഏറെക്കുറെ സാധിച്ചു. .

എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയാകുന്നത് കോൺഗ്രസിനെയും ലീഗിനെയും കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് ഇടതുകേന്ദ്രങ്ങൾ വിലയിരുത്തുന്നു. ബി.ജെ.പി വിരുദ്ധ നിലപാടുകളും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കങ്ങൾ തുറന്നു കാട്ടുന്നതുമെല്ലാം മുസ്ലീങ്ങൾക്കിടയിലും സ്വീകാര്യത നിലനിറുത്താൻ ഉപകരിക്കുമെന്നും.