തിരുവനന്തപുരം:കോർപ്പറേഷനിൽ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമെങ്കിലും ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തവർ ഒരുപടികൂടി കടന്ന് അയ്യപ്പനെയും അള്ളാഹുവിനെയും തോമാശ്ലീഹയെയും ഒപ്പം കൂട്ടി. ബി.ജെ.പി അംഗങ്ങളായ നെടുങ്കാട് കൗൺസിലർ കരമന അജിത്ത് അയ്യപ്പ സ്വാമിയുടെ നാമത്തിലും ഫോർട്ട് വാർഡിലെ ബി.ജെ.പി സ്വതന്ത്രയായി വിജയിച്ച ജാനകിയമ്മാൾ ശ്രീപദ്മനാഭസ്വാമിയുടെയും പരദേവതയായ ഗോമതിയമ്മൻ എന്നിവരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ പൂന്തുറയിൽ സ്വതന്ത്രയായി വിജയിച്ച മേരി ജിപ്‌സി വിശുദ്ധ തോമാശ്ലീഹായുടെ പേരിലും പ്രതിജ്ഞ ചെയ്തു. മാണിക്യംവിളാകത്ത എൽ.ഡി.എഫ് കൗൺസിലർ മുഹമ്മദ് ബഷീറും ഹാർബറിൽ സ്വതന്ത്രനായി വിജയിച്ച നിസാമും അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 143 മൂന്നാം ഷെഡ്യൂൾ പ്രകാരം ഈശ്വരനാമത്തിൽ അല്ലെങ്കിൽ ദൃഢ പ്രതിജ്ഞ ചെയ്യാനാണ് അനുവാദം. അതിനാൽ ഇത് ലംഘനമാണെന്ന ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കേണ്ടി വരും. അതേസമയം എല്ലാവരും മലയാളത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ ബി.ജെ.പി അംഗമായ കരമനയിലെ മഞ്ചു സംസ്കൃതത്തിൽ പ്രതിജ്ഞയെടുത്തത് എല്ലാവരെയും അമ്പരപ്പിച്ചു. ഇടത് അംഗമായ ആറ്റുകാലിലെ ആർ.ഉണ്ണികൃഷ്ണൻ സത്യവാചകം ചൊല്ലിയ ശേഷം രക്തസാക്ഷികൾക്കും കർഷകസമരത്തിനും സിന്ദാബാദ് വിളിച്ചും വിപ്ലവം വിജയിക്കട്ടെയെന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളായ സിമി ജ്യോതിഷ്,തിരുമല അനിൽ, ഗിരികുമാർ എന്നിവർ വന്ദേമാതം പറഞ്ഞപ്പോൾ മറ്റ് ബി.ജെ.പി കൗൺസിലർമാരായ കുര്യാത്തിയിലെ മോഹനൻനായരും മണക്കാട് അംഗമായ സുരേഷും ശ്രീകണ്‌ഠേശ്വരത്തെ രാജേന്ദ്രൻ നായരും ഭാരത്‌‌മാതാ കീ ജയ് വിളിച്ചു. കുളത്തൂരിലെ നാജ ലാൽസാലമെന്നും ആക്കുളത്തെ യു.ഡി.എഫ് കൗൺസിലർ സുരേഷ് കുമാർ ജയ് ‌ഹിന്ദും പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.