sports-quata

തിരുവനന്തപുരം: സ്‌പോർട്സ് ക്വാട്ട പ്രകാരം 54 കായിക താരങ്ങളെ കൂടി നിയമിക്കാനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. 2011- 2014 കാലയളവിലെ ഒഴിവ് വന്ന തസ്തികകളിലേക്കുള്ള നിയമനമാണ് നടത്തുന്നത്. ഈ കാലയളവിൽ 195 കായിക താരങ്ങൾക്ക് 2019 ഡിസംബറിൽ നിയമനം നൽകിയിരുന്നു. നിയമന ശുപാർശകൾ ഉടൻ അയച്ചു തുടങ്ങും.
കഴിഞ്ഞയാഴ്ച പൊലീസിൽ 58 കായികതാരങ്ങൾക്ക് നിയമനം നൽകിയിരുന്നു. ഇതോടെ ഈ സർക്കാർ വന്ന ശേഷം നിയമനം ലഭിച്ച കായിക താരങ്ങളുടെ എണ്ണം 498 ആയി. പുതിയ പട്ടികയിൽ നിന്ന് നിയമനം നടക്കുന്നതോടെ ആകെ നിയമനം ലഭിച്ചവരുടെ എണ്ണം 552 ആകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ 110 കായിക താരങ്ങൾക്ക് മാത്രമാണ് നിയമനം നൽകിയത്.
2011- 2014 വർഷത്തെ സ്‌പോട്സ് ക്വാട്ട നിയമനത്തിന് 409 പേരുടെ പട്ടിക 2019 ൽ പുറത്തിറക്കിയിരുന്നു. ഒരു വർഷം 50 പേർക്ക് ആണ് അവസരം. ഈ പട്ടികയിൽ നിന്നാണ് 195 പേർക്ക് ആദ്യം നിയമനം നൽകിയത്. ഒരാൾക്ക് പ്രത്യേക പരിഗണനയിൽ നേരത്തെ ജോലി നൽകി. ബാക്കി വരുന്ന ഒഴിവുകളിലെ നിയമനത്തിനാണ് 54 പേരുടെ പുതിയ പട്ടിക. 2011 ൽ 8, 2012ൽ 14, 2013ൽ 20, 2014ൽ 44 എന്നിങ്ങനെയാണ് പുറത്തിറക്കിയ പട്ടികയിലുള്ളവരുടെ എണ്ണം. 2011 മുതൽ 14 വരെയുള്ള വർഷങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്ക് ഈ പട്ടികയിൽ നിന്ന് നിയമനം നടത്തും.
2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 കായികതാരങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിൽ ടീമിനത്തിൽ വെള്ളി, വെങ്കല ജേതാക്കളായ 83 പേരുടെ നിയമനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.