
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പനി അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കൊവിഡ് പരിശോധന നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ വെൻിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരിക്കെ അവിടെ നിന്ന് വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ വൈകിട്ട് നാലോടെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.
ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന ആരോഗ്യ പ്രശ്നമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നോൺ ഇൻവേറ്റീവ് വെന്റിലേഷന്റെ (ട്യൂബ് ഇടാതെയുള്ള വെന്റിലേഷൻ) സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
കൊവിഡ് വ്യാപനത്തിനു ശേഷം സുഗതകുമാരി നന്ദാവനത്തെ വീടുവിട്ടു പുറത്തു പോയിരുന്നില്ല. സന്ദർശകരെയും അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രോഗം എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമല്ല.