photo

നെടുമങ്ങാട്: നാല് പതിറ്റാണ്ടു പിന്നിടുന്ന നെടുമങ്ങാട് നഗരസഭയുടെ ഒമ്പതാമത് കൗൺസിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 39 അംഗങ്ങളും വരണാധികാരി മുമ്പാകെ പ്രതിജ്ഞ ചൊല്ലി. കൗൺസിലിലെ ഏറ്റവും മുതിർന്ന അംഗം പരിയാരം വാർഡിൽ നിന്ന് വിജയിച്ച എസ്. രവീന്ദ്രന് വരണാധികാരിയും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ബീന സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എസ്.രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എൽ.ഡി.എഫിന്റെ 27 അംഗങ്ങളും ദൃഢപ്രതിഞ്ജ എടുത്തപ്പോൾ യു.ഡി.എഫിലെ എട്ടു പേരും ബി.ജെ.പിയുടെ നാല് അംഗങ്ങളും ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. മാർക്കറ്റ് വാർഡിലെ കോൺഗ്രസ് അംഗം ഫാത്തിമ അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്ഞയെടുത്തു. എല്ലാ അംഗങ്ങൾക്കും സത്യവാചകത്തിന്റെ പകർപ്പ് വരണാധികാരി മുൻകൂർ നല്കിയിരുന്നു. പ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു.

ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഇലക്ഷൻ കമ്മിഷന്റെ അറിയിപ്പ് മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ വായിച്ചു. 28 ന് രാവിലെ 11 ന് ചെയർപേഴ്‌സണെയും ഉച്ചയ്ക്ക് 2 ന് വൈസ് ചെയർമാനെയും തിരഞ്ഞെടുക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഈ നോട്ടീസ് വരണാധികാരി രേഖാമൂലം അംഗങ്ങൾക്ക് കൈമാറി. സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാവാൻ കൗൺസിലർമാരുടെ ബന്ധുക്കളും പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. നഗരസഭാ കാര്യാലയവും പരിസരവും തിരക്കിലമർന്നു. പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ബ്ലോക്കിന് കീഴിലെ കരകുളം, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സത്യപ്രതിജ്ഞ മുഖ്യവരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ (എൽ.എ) ഹരികുമാറിന്റെ മേൽനോട്ടത്തിൽ നടന്നു. ബ്ലോക്ക് അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗം ചെറിയകൊണ്ണി ഡിവിഷനിൽ നിന്ന് വിജയിച്ച അരുവിക്കര വിജയൻ നായർക്ക് വരണാധികാരി ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മറ്റ്‌ അംഗങ്ങൾക്ക് വിജയൻ നായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയുമായിരുന്നു. 13 അംഗ ബ്ലോക്ക് ഭരണസമിതിയിൽ 12 പേരും ഇടതുപക്ഷക്കാരാണ്. വേറ്റിനാട് ഡിവിഷനിൽ വിജയിച്ച കോൺഗ്രസിന്റെ ബീനാ അജിത്താണ് ഏക യു.ഡി.എഫ് മെമ്പർ. ബി.ഡി.ഒ സുരേഷ്‌കുമാർ 30 ന് നടക്കുന്ന പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വായിച്ചാണ് യോഗം പിരിഞ്ഞത്.