
പരാതിയുണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മൂന്ന് വർഷമായി ഒരേ തസ്തികയിലുള്ള ഐ.ജിമാർ വരെയുള്ള പൊലീസുദ്യോഗസ്ഥരെ മാറ്റിയാൽ മതിയെന്ന മുൻകാല മാർഗനിർദ്ദേശത്തിന്റെ ബലത്തിൽ, ലോക്നാഥ് ബെഹ്റയുടെ പൊലീസ് മേധാവിക്കസേര തത്കാലം ഇളകില്ല. ഏത് റാങ്കുവരെയുള്ളവരെ മാറ്റണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കാത്തതാണ് കാരണം. എന്നാൽ, സർക്കാരിന്റെ വിശ്വസ്തനായ പൊലീസ് മേധാവിക്കെതിരെ പരാതിയുണ്ടായാൽ കമ്മിഷൻ ആ പദവിയിൽ നിന്ന് മാറ്റും.
തിരഞ്ഞെടുപ്പ് ചുമതലയുള്ളവരെ സ്വന്തം ജില്ലയിൽ നിയമിക്കരുത്, ഒരു പദവിയിൽ മൂന്ന് വർഷമായവരെ മാറ്റണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അച്ചടക്ക നടപടിക്ക് വിധേയമായവരെയും വിരമിക്കാൻ ആറ് മാസമുള്ളവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്ര കമ്മിഷന്റേത്. ഇവ ഏതൊക്കെ റാങ്കുകളിലെ ഉദ്യോഗസ്ഥർക്ക് ബാധകമെന്ന് പറയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ, ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ബാധകമെന്നാണുള്ളത്.
ആറ് മാസം കാലാവധി ശേഷിക്കുന്നവരെ മാറ്റേണ്ടെന്ന് കേന്ദ്രകമ്മിഷൻ തീരുമാനിച്ചാൽ, അടുത്ത ജൂണിൽ വിരമിക്കുന്നതു വരെ പൊലീസ് മേധാവിയായി തുടരാൻ ബെഹ്റയ്ക്കാവും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം എതിരായാൽ ക്രമസമാധാനവും തിരഞ്ഞെടുപ്പ് നടത്തിപ്പും അഡി.ഡി.ജി.പിക്ക് കൈമാറി വിരമിക്കുന്നതുവരെ, ബെഹ്റയെ പൊലീസ് മേധാവി പദവിയിൽ സംരക്ഷിക്കാൻ സർക്കാർ ആലോചിച്ചിരുന്നു.