ard

കാട്ടാക്കട:തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജന പ്രതിനിധികളുടെ സത്യ പ്രതിജ്ഞാ ചടങ്ങ് ആഘോഷമായി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്,കാട്ടാക്കട,പൂവച്ചൽ,കള്ളിക്കാട്,കുറ്റിച്ചൽ,വെള്ളനാട്,ആര്യനാട്,ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിൽ ഇടതു,വലതു,ബി.ജെ.പി അംഗങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനമായി വാദ്യ ഘോഷങ്ങളുടെ ആരവത്തോടെയാണ് സത്യപ്രതിജ്ഞാ വേദികളിലെത്തിയത്.എല്ലായിടത്തും വരണാധികാരി മുതിർന്ന അംഗത്തിന് സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കെടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് മുതിർന്ന അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കുകയായിരുന്നു.

വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട ആമച്ചൽ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് അംഗം സരള ടീച്ചർ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് മറ്റ് അംഗങ്ങൾക്ക് ടീച്ചർ സത്യവാചകം ചൊല്ലി കൊടുത്തു.ഇവിടെ എൽ.ഡി.എഫ്-8,യു. ഡി.എഫ്-8 എന്നിങ്ങനെയാണ് കക്ഷി നില.കഴിഞ്ഞ തവണത്തെപ്പോലെ നറുക്കിലായിരിക്കും ആരാകും സാരഥികളെന്ന് തീരുമാനിക്കുക.

കാട്ടാക്കടയിൽ മുൻ പാഞ്ചായത്ത് പ്രസിഡന്റും ചെട്ടിക്കോണം വാർഡിൽ നിന്നും സി.പി.എം. പ്രതിനിധിയായി വിജയിച്ച മുതിർന്ന ജെ.ലാസർ ജോസഫ് അംഗങ്ങൾക്ക് സത്യ വാചകംചൊല്ലി കൊടുത്തു.

പൂവച്ചൽ പഞ്ചായത്തിൽ മുണ്ടുകോണം വാർഡിൽ നിന്നും കോൺഗ്രസ് അംഗമായി വിജയിച്ച അനൂപ് കുമാർ ആദ്യം സത്യ പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.

ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ കാളിപാറ വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിന്റെ മുതിർന്ന അംഗം സദാശിവൻ കാണിയാണ് ആദ്യം സത്യവാചകം ചൊല്ലി ചുമതലയേറ്റത്.ശേഷം വാർഡടിസ്ഥാനത്തിൽ 13 അംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു.

കുറ്റിച്ചൽ പഞ്ചായത്തിൽ കുറ്റിച്ചൽ ഒന്നാം വാർഡിൽ കോൺഗ്രസിൽ നിന്നും വിജയിച്ച കെ.വേലായുധൻ പിള്ള ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് വാർഡടിസ്ഥാനത്തിൽ 14 അംഗങ്ങൾക്കും സത്യ വാചകം ചൊല്ലി കൊടുത്തു.

കോൺഗ്രസ് അധികാര തുടർച്ച ഉള്ള വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ടൗൺ വാർഡിൽ നിന്നും വിജയിച്ച സി.പി.എം.അംഗം എസ്.കൃഷ്ണകുമാർ ആദ്യം ചുമതയേറ്റു ശേഷം വിജയിച്ചെത്തിയവർക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.കോൺഗ്രസ്സിൽ നിന്നുംഭരണംതിരിച്ചു പിടിച്ച ആര്യനാട് ഗ്രാമപഞ്ചായത്തിൽ കീഴപാലൂരിൽ നിന്നുംസി.പി.എം അംഗം ആർ.സരസ്വതി അമ്മ ആദ്യം ചുമതലയേറ്റ ശേഷം മറ്റ് വാർഡുകളിൽ നിന്നും വിജയിച്ചെത്തിയവർക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പരുത്തികുഴിയിൽ നിന്നും വിജയിച്ചെത്തിയ സി.പി.എം.അംഗം ജെ.ലളിത ആദ്യം ചുമതല ഏൽക്കുകയും മറ്റ് അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.