
കാസർകോട്: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീയുടെ പത്തുലക്ഷം ഡോളർ സമ്മാനം. വെള്ളിക്കോത്ത് സ്വദേശി നവനീത് സജീവനെയാണ് അപൂർവഭാഗ്യം തേടിയെത്തിയത്. സഹപ്രവർത്തകരായ നാലുപേർക്കൊപ്പം പങ്കിട്ടെടുത്ത ടിക്കറ്റിന്റെ സമ്മാനത്തുക അഞ്ചുപേരും വീതിച്ചെടുക്കുമ്പോൾ ഒരാൾക്ക് രണ്ടുലക്ഷം ഡോളർ വീതം ലഭിക്കും. അബുദാബി ആസ്ഥാനമായ കമ്പനിയിൽ നാലുവർഷമായി ജോലിചെയ്യുകയായിരുന്ന നവനീതിന് കൊവിഡ് കാലത്ത് കമ്പനി പ്രതിസന്ധിയിലായതോടെയാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. വരുന്ന 28 നാണ് ജോലിയിൽ നിന്നും പിരിഞ്ഞുപോകേണ്ടത്. മറ്റൊരു ജോലിക്കായുള്ള അന്വേഷണത്തിനിടയിലാണ് കഴിഞ്ഞ നവംബർ 22 ന് സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുത്തത്. ഭാര്യ പ്രവീണ അബുദാബിയിൽ തന്നെ ജോലിചെയ്യുന്നതിനാൽ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലായിരുന്നു നവനീത്. ഒരു വയസുള്ള മകനും കൂടെയുണ്ട്. പല ആവശ്യങ്ങൾക്കായി നേരത്തേ എടുത്ത ലോണുകളെല്ലാം ചേർത്ത് ഒരു ലക്ഷം ദിർഹത്തോളമുണ്ട്. അതുകൊണ്ട് പെട്ടെന്നുതന്നെ മറ്റൊരു ജോലി സംഘടിപ്പിക്കാനുള്ള പരക്കംപാച്ചിലിലായിരുന്നു നവനീത്. ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് സമ്മാനം കിട്ടിയ വിവരം അറിയിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്നുള്ള വിളി വന്നത്. സമ്മാനത്തുകയിൽ നിന്നും തനിക്ക് ലഭിക്കുന്ന വിഹിതം കൊണ്ട് ലോണുകൾ അടച്ചുതീർക്കുകയും എത്രയും പെട്ടെന്ന് മറ്റൊരു ജോലി കണ്ടെത്തുകയുമാണ് ഇപ്പോൾ നവനീതിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ. ബാക്കിവരുന്ന തുക ഭാവിയിലേക്കുള്ള കരുതലായി സൂക്ഷിച്ചുവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡ് കാലം പഠിപ്പിച്ചത് അങ്ങനെയൊരു കരുതൽ ഉണ്ടായിരിക്കേണ്ടതിന്റെ പാഠമാണ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന വെള്ളിക്കോത്തെ സജീവന്റെയും മാലിനിയുടെയും മകനാണ് നവനീത്. സഹോദരി നിമിത കുടുംബത്തോടൊപ്പം ഷാർജയിലാണ്.