
നെടുമങ്ങാട്:പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സി.പി.എം അംഗത്തിന്റെ സത്യപ്രതിജ്ഞ ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗത്തെ ആവേശഭരിതമാക്കി. പുത്തൻപാലം വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീലാമ്മ ടീച്ചറാണ് പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൊവിഡ് പോസിറ്റിവായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസമാണ് നെഗറ്റീവായത്.ഞായറാഴ്ച ഡിസ്ചാർജായി വീട്ടിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ ആനാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പ്രതിജ്ഞാവേദിയിൽ മറ്റ് അംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ സത്യവാചകം ചൊല്ലി ചുമതലയേറ്റപ്പോൾ ഹാളിൽ നിറഞ്ഞ കരഘോഷവും മുദ്രാവാക്യം വിളികളും മുഴങ്ങി. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഏറെനേരം കാത്തിരുന്ന ശേഷമാണു പി.പി.ഇ കിറ്റ് ധരിച്ച ലീലാമ്മയുമായി വാഹനമെത്തിയത്.വരണാധികാരിയായ നെടുമങ്ങാട് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന അംഗം താന്നിമൂട് വാർഡിൽ നിന്ന് വിജയിച്ച ആനന്ദവല്ലി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ മെമ്പർ മടങ്ങി. ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് നടക്കും.