
തിരുവനന്തപുരം: മ്യൂസിയത്തിനടുത്ത് പ്രഭാതസവാരിക്കു പോയ യുവതിയെ അപമാനിക്കാൻ രണ്ടു യുവാക്കൾ ശ്രമിച്ചതായി പരാതി. വെള്ളയമ്പലത്ത് വനിതാ ഹോസ്റ്രലിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പ്രഭാതസവാരി കഴിഞ്ഞ് ഹോസ്റ്രലിലേക്ക് വരുമ്പോൾ സാൽവാ ഡൈൻ ഹോട്ടലിന്റെ സമീപത്തുള്ള ഇടവഴിയിലാണ് ഇന്നലെ ഇവരെ യുവാക്കൾ തടഞ്ഞുനിറുത്തി അപമാനിക്കാൻ ശ്രമിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തത്. സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ ജീവനക്കാരിയായ യുവതി മ്യൂസിയം പൊലീസിൽ പരാതി നൽകി. ഈ സ്ഥലം സാമൂഹ്യ വിരുദ്ധന്മാരുടെ കേന്ദ്രമായിരിക്കുകയാണെന്നും ജോലി കഴിഞ്ഞ് ഹോസറ്രലിലേക്ക് വരുന്ന പലർക്കുനേരെയും അതിക്രമം ഉണ്ടാകുന്നതായും പരാതിയിൽ പറയുന്നു.