
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. ബിയർ, വൈൻ പാർലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയാണ് നൽകിയത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്നലെ രാത്രി ഇറങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനസമയം.
ബെവ്കോ ഔട്ട്ലറ്റുകളുടെ പ്രവർത്തനവും രാത്രി ഒമ്പത് വരെയാക്കും. കൊവിഡ് ഭീതി പരിഗണിച്ച് രാത്രി ഏഴു വരെയായിരുന്നു പ്രവർത്തനം. ലോക്ഡൗണിനെ തുടർന്ന് ഒൻപത് മാസമായി ബാറുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഔട്ട്‌ലറ്റുകൾവഴി പാഴ്സൽ വില്പന മാത്രമാണ് ബാറുകളിൽ അനുവതിച്ചിരുന്നത്. ബാറുടമകളുടെ ആവശ്യം ഇതിനുമുമ്പ് എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ആസന്നമായതിനാലും കൊവിഡ് നിയന്ത്രണവിധേയമാകാത്തതിനാലും തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു.
കൊവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം മദ്യവും ആഹാരവും വിളമ്പേണ്ടതും ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതും. നിലവിലുള്ള കൗണ്ടർ വില്പനയും മദ്യം വാങ്ങാനുള്ള ആപ്പിന്റെ പ്രവർത്തനവും നിറുത്തലാക്കിയേക്കും. മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതുപോലെ ഇവിടെയും അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് രണ്ടുമാസത്തിലേറെയായി ഉമകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടിലായിരുന്നു സർക്കാർ. ബിവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റുകളിലെ മദ്യവില്പനയ്ക്കുള്ള ആപ്പ് സംവിധാനവും വൈകാതെ പിൻവലിച്ചേക്കും.