c

തിരുവനന്തപുരം ഇഞ്ചോടിച്ച് ശക്തമായ പോരാട്ടത്തിലൂടെ തലസ്ഥാന ജനങ്ങളുടെ അംഗീകാരം നേടി കോർപ്പറേഷിലെ നൂറു വാർഡുകളിലേയും ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലർമാരായി. നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി അവർ അധികാരമേറ്റു. ഭരണത്തുടർച്ചയുടെ ആവേശം തെല്ലും കുറയാതെ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ആദ്യാവസാനം നിറഞ്ഞുനിന്നു. ശക്തമായ പ്രതിപക്ഷമായുള്ള രണ്ടാംവരിന് ബി.ജെ.പി പകിട്ട് ഒട്ടും കുറച്ചില്ല. പ്രവർത്തകർ ജയ്‌ വിളിച്ച് ശക്തമായ സാന്നിദ്ധ്യമറിയിച്ചു.എന്നാൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന യു.ഡി.എഫിന്റെ സാന്നിദ്ധ്യം ഇരുമുന്നണികളുടെയും ആരവത്തിൽ മുങ്ങിപ്പോയി. യു.ഡി.എഫിന്റെ പത്ത് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഒരുവട്ടം പോലും കൈയടികളോ മുദ്രാവാക്യം വിളികളോ ഉയർന്നില്ല. കോർപറേഷൻ വളപ്പിൽ സത്യപ്രതിജ്ഞ കാണാൻ സ്ക്രീനും പന്തലും സജ്ജമാക്കിയിരുന്നെങ്കിലും പ്രവർത്തകർ തിങ്ങി നിറഞ്ഞതോടെ ഹാളിനുള്ളിലേക്കും തള്ളിക്കയറി. രാവിലെ 10.30മുതൽ സത്യപ്രതിജ്ഞ നടന്ന കൗൺസിൽ ഹാളിലേക്ക് കൗൺസിലർമാർ എത്തിത്തുടങ്ങി. എൽ.ഡി.എഫ്,യു.ഡ‌ി.എഫ് കൗൺസിലർമാർ പ്രത്യേകം പ്രത്യേകമാണ് എത്തിയത്. എന്നാൽ ബി.ജെ.പി പ്രവർത്തകർ 11.15ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും നേതാക്കൾക്കൊപ്പം പ്രകടനമായാണ് എത്തിയത്. ബി.ജെ.പി വനിതാ കൗൺസിലർമാർ ഭൂരിഭാഗവും ഒരേ നിറത്തിലുള്ള സാരിയുടുത്താണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. 11.30തോടെ ചടങ്ങുകൾ തുടങ്ങി. കളക്ടർ നവ്ജ്യേത് ഖോസ അംഗങ്ങളിൽ ഏറ്റവും മുതിർന്ന വ്യക്തിയായ പാൽക്കുളങ്ങര കൗൺസിലർ എ. അശോക്‌കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് 99 പേർക്കും അശോക്‌കുമാറാണ് സത്യവാചകം ചൊല്ലിനൽകിയത്. രണ്ടു മണിക്കൂറോളം നീണ്ട സത്യപ്രതിജ്ഞ 1.30ന് അവസാനിച്ചു. തുടർന്ന് കൗൺസിലിന്റെ ആദ്യയോഗം ചേർന്നു. 28ന് നടക്കുന്ന മേയർ,ഡെപ്യൂട്ടിമേയ‌ർ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി വിശദീകരിച്ചു. യോഗം അവസാനിച്ചതോടെ മുദ്രാവാക്യം വിളികളുമായി എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ഹാളിന് പുറത്തേക്ക് പോയി.സെൽഫികളും ഗ്രൂപ്പ് ഫോട്ടോകളും എടുത്ത് കൗൺസിലർമാരും മടങ്ങി. സത്യപ്രതിജ്ഞ ചെയ്ത് ഹാളിന് പുറത്തേക്കെത്തിയ യു.ഡി.എഫ് കൗൺസിലർമാരെ പ്രവർത്തകർ ത്രിവർണ ഷാൾ അണിയിച്ച് അനുമോദിച്ചു.