bike

കാഞ്ഞങ്ങാട്: പൊതുസമൂഹത്തിന്റെ കണ്ണു തുറപ്പിക്കാൻ കണ്ണുകെട്ടി ബൈക്ക് യാത്ര. കിടപ്പുരോഗികളുടെ ദുരിതം ജനശ്രദ്ധയിലെത്തിക്കാനാണ് മാന്ത്രികൻ സുധീർ മാടക്കത്ത് കാഞ്ഞങ്ങാട് നിന്ന് തൃക്കരിപ്പൂർ വരെ കണ്ണുകെട്ടി ബൈക്ക് യാത്ര നടത്തിയത്.

കുടുംബനാഥൻ കിടപ്പിലായതു കാരണം ജീവിതം വഴിമുട്ടി ചികിത്സിക്കാൻ പണമില്ലാതെ ഒട്ടേറെ പേർ വിഷമിക്കുന്നുണ്ട്. നാളെ ആർക്കും സംഭവിക്കാവുന്നതാണീ ദുരവസ്ഥയെന്നും സ്വന്തം സഹോദരരെന്നോണം അവർക്ക് പരിഗണന നൽകണമെന്നും ബോദ്ധ്യപ്പെടുത്താനാണ് സാഹസിക യാത്രയിലൂടെ സുധീർ മാടക്കത്ത് ശ്രമിച്ചത്.

നീലേശ്വരം റോട്ടറിയും ഡൽഹിയിലെ ഡി.എം.സി ഇന്ത്യയും ചേർന്നാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചത്. ജില്ലയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 200 കിടപ്പുരോഗികൾക്ക് നീലേശ്വരം റോട്ടറിയും ഡി.എം.സിയും ചേർന്ന് ഭക്ഷ്യധാന്യങ്ങളും മരുന്നുമടങ്ങിയ കിറ്റുകൾ എല്ലാ മാസവും വിതരണം ചെയ്യുന്നുണ്ട്.ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ഇ. അനൂപ് കുമാർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ് പി.വി. സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ബി. മുകുന്ദ് പ്രഭു, റോട്ടറി പ്രവർത്തകരായ എം.വി. മോഹൻദാസ് മേനോൻ, കെ. രാജേഷ് കാമത്ത്, ബി. ഗിരീഷ് നായക്, ഇ.വി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മിഡ്ടൗൺ, ചെറുവത്തൂർ എന്നീ റോട്ടറി ക്ലബ്ബുകൾ ബൈക്ക് യാത്രയുമായി സഹകരിച്ചു.