ldf

മുക്കം: ഇരു മുന്നണികളുടെയും അംഗസംഖ്യ തുല്യവും ഏകസ്വതന്ത്രന്റെ നിലപാട് നിർണ്ണായകവുമായ മുക്കം നഗരസഭയിൽ സ്വതന്ത്രനെ വച്ച് വിലപേശി കാര്യം നേടാൻ വ്യാപാരികളുടെ നീക്കം. ഇതിന്റെ ഭാഗമായി വ്യാപാരികൾ പ്രത്യേക യോഗം ചേരുകയും സ്വതന്ത്ര അംഗത്തെ പങ്കെടുപ്പിക്കുകയും ചെയ്തു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് പിന്തുണയെന്ന് കഴിഞ്ഞ ദിവസം സ്വതന്ത്രൻ പ്രഖ്യാപിച്ചതും ഈ യോഗവും കൂട്ടി വായിക്കേണ്ടതുണ്ട്.
അധികാരമൊഴിഞ്ഞ നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം വ്യാപാരികൾക്ക് ഇഷ്ടമായിരുന്നില്ല. ആവുംവിധം എതിർപ്പുയർത്തിയെങ്കിലും ഫലിച്ചതുമില്ല. വ്യാപാരികളുടെ വഴിവിട്ട നടപടികൾക്കൊന്നും ഭരണസമിതിയോ അന്നത്തെ ഉദ്യോഗസ്ഥരോ വഴങ്ങിയിരുന്നില്ല. അധികാരമേൽക്കാൻ പോകുന്ന ഭരണസമിതിയെ മെരുക്കാൻ സ്വതന്ത്രനെ ഉപയോഗിക്കാനാണ് പുതിയ നീക്കം.
വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ മറ്റു നേതാക്കളായ റഫീഖ് മാളിക, പി. പ്രേമൻ, പി.പി. അബ്ദുൽ മജീദ് എന്നിവർക്കു പുറമെ വ്യാപാരി വ്യവസായി സമിതി നേതാക്കളായ യു.കെ. ശശിധരൻ, കെ.എം. കുഞ്ഞവറാൻ, ടി.എ അശോക് എന്നിവരും പങ്കെടുത്തു.
നഗരസഭ അക്വയർ ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകേണ്ടി വരുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ബസ് സ്റ്റാൻഡിന്റെ പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡുകൾ ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും സ്റ്റാൻഡ് നിർമ്മിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. വഴിയോര കച്ചവടം പൂർണമായി നിരോധിക്കുക, പുതിയ ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുക, നഗരമാകെ സി.സി.ടി.വി നിരീക്ഷണത്തിലാക്കുക, കെട്ടിട ഉടമ നികുതി അടച്ചില്ലെങ്കിൽ വ്യാപാരിക്ക് ലൈസൻസ് നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കുക തുടങ്ങിയവയാണ് വ്യാപാരികൾ ഉന്നയിക്കുന്ന മറ്റാവശ്യങ്ങൾ.