
വർക്കല: രക്താർബുദം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് നന്ദനത്തിൽ നക്ഷത്ര(10)യ്ക്ക് സഹായവുമായി സേവനം യു.കെ. ശിവഗിരിമഠം ഗുരുധർമ്മപ്രചരണസഭയുടെ യു.കെയിലെ യൂണിറ്റായ സേവനം യു.കെ സമാഹരിച്ച 4.3 ലക്ഷം രൂപ (4463 പൗണ്ട്) ആശുപത്രിക്കു സമീപമുളള വാടകവീട്ടിലെത്തി നക്ഷത്രയുടെ പിതാവ് ബിജുകുമാറിന് കൈമാറി. രഞ്ജിനിയാണ് മാതാവ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദും ചേർന്നാണ് തുക കൈമാറിയത്. സേവനം യു.കെയുടെ പ്രതിനിധി അനീഷ് സദാനന്ദൻ, സാമൂഹിക പ്രവർത്തകനായ സംഗീത് എന്നിവരും പങ്കെടുത്തു. യു.കെയിൽ യൂണിറ്റുകൾ രൂപീകരിച്ച് ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കഴിഞ്ഞ അഞ്ച് വർഷമായി സേവനം നടത്തി വരുന്നു. മഹാമാരിയുടെ ഭീഷണിയിലായ ഈ സമയത്തും സുമനസുകളുടെ സഹായത്തോടെയാണ് ഈതുക സമാഹരിച്ചത്. സേവനം യു.കെയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പണം നൽകിയും സഹായിച്ച എല്ലാപേർക്കും ചാരിറ്റി പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡോ. ബിജുപെരിങ്ങത്തറ, സതീഷ് കുട്ടപ്പൻ, സജീഷ് ദാമോദരൻ, അനിൽകുമാർരാഘവൻ, അനിൽ ശശിധരൻ, വിശാൽ സുരേന്ദ്രൻ, ബൈജുപാലയ്ക്കൽ എന്നിവർ നന്ദി അറിയിച്ചു.