
സി.ബി.ഐ പ്രത്യേക കോടതി വിധി 28 വർഷത്തിനു ശേഷം
തിരുവനന്തപുരം: ഇരുപത്തിയെട്ടു വർഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് സിസ്റ്റർ അഭയ കൊലക്കേസിൽ നീതിയുടെ പ്രകാശവിധി. ക്രൈസ്തവസഭയും നിയമപാലകരും അന്വേഷണ ഏജൻസികളും തെളിവുകൾ മായ്ച്ച് കുഴിച്ചുമൂടാൻ പലവട്ടം ശ്രമിച്ച കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചു. ശിക്ഷ ഇന്ന് വിധിക്കും. കൊലക്കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
സഭയുടെ തിരുവസ്ത്രമണിഞ്ഞവർ തന്നെ കോട്ടയം പയസ് ടെൻത് കോൺവെന്റിൽ കൈക്കോടാലി കൊണ്ട് തലയ്‌ക്കടിച്ച്, കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അഭയയ്‌ക്കും മകളുടെ ദുരൂഹമരണത്തിന്റെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ മരണമടഞ്ഞ പിതാവ് ഐക്കരക്കുന്നേൽ തോമസിനും മാതാവ് ലീലാമ്മയ്‌ക്കും മൂന്നു പതിറ്റാണ്ടോളം വൈകിക്കിട്ടുന്ന നീതി, കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവാദ്ധ്യായം കൂടിയാകുന്നു.
രണ്ടു പ്രതികൾക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ എന്നിവ തെളിഞ്ഞതായി സി.ബി.ഐ ജഡ്ജി കെ.സനിൽകുമാർ വ്യക്തമാക്കി. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ.തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ അപ്പീൽ നൽകും.
വിധി കേട്ട് സെഫി പൊട്ടിക്കരഞ്ഞു. കോട്ടൂർ അക്ഷോഭ്യനായി നിന്നു. നേരിട്ടുള്ള തെളിവുകൾ കുറവായിരുന്ന കേസിൽ, രണ്ടു വൈദികരെയും കന്യാസ്ത്രീയെയും ഒരുമിച്ചു കണ്ടതായി സംഭവദിവസം പുലർച്ചെ മഠത്തിൽ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും സാഹചര്യ തെളിവുകളും കോടതി അംഗീകരിക്കുകയായിരുന്നു. 49 പ്രോസിക്യൂഷൻ സാക്ഷികളിൽ എട്ടു പേർ കൂറുമാറി. നിരവധി പേർ മൊഴി മാറ്റി.
കന്യാസ്ത്രീകൾക്കൊപ്പം കാറിൽ സഭാവസ്‌ത്രം ധരിച്ചാണ് സെഫി കോടതിയിലെത്തിയത്. മൂന്നാമത്തേതായി പരിഗണിച്ച കേസിൽ സെഫിയും കോട്ടൂരും പ്രതിക്കൂട്ടിൽ നില്ക്കെ, പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയതായി ജഡ്ജി അഞ്ചു മിനിറ്റിൽ പ്രഖ്യാപിച്ചു. തുടർന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. പബ്ലിക് പ്രോസിക്യൂട്ടർ എം.നവാസും പ്രതികളുടെ അഭിഭാഷകരും ഹാജരായിരുന്നു. മുംബയിലായതിനാൽ സി.ബി.ഐ എസ്.പി നന്ദകുമാർ നായർ എത്തിയില്ല. ഇന്ന് ശിക്ഷാവിധി കേൾക്കാൻ പ്രതികളെ എത്തിക്കും.
തടവറയിൽ ക്രിസ്‌മസ്
2008 നവംബർ 18 നാണ് ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായത്. 2009 ജനുവരി ഒന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്‌മസിന് ഒരുദിവസം മുൻപാണ് ശിക്ഷാവിധി. പ്രതികൾക്ക് തടവറയിലാവും ക്രിസ്‌മസ്.
ദൈവമാണ് എന്റെ കോടതി
താൻ നിരപരാധിയാണെന്ന് വിധിക്കുശേഷവും മാദ്ധ്യമങ്ങളോട് ഫാദർ തോമസ് കോട്ടൂർ ആവർത്തിച്ചു.
ദൈവത്തിന്റെ പദ്ധതി അനുസരിക്കുന്നു. ദൈവമാണ് എന്റെ കോടതി. ദൈവം കൂടെയുള്ളപ്പോൾ എന്തിനാ പേടിക്കുന്നെ..?വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.
പൊട്ടിക്കരഞ്ഞ് സെഫി
വിധി കേട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെ സെഫി തളർന്നുപോയി. ജഡ്ജി കോടതി മുറിയിൽനിന്ന് പോയശേഷം സെഫി ബെഞ്ചിൽ തളർന്നിരുന്നു. ഒപ്പമെത്തിയ കന്യാസ്ത്രീകളും അഭിഭാഷകരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നൽകി. സമചിത്തത വീണ്ടെടുത്തെങ്കിലുംകോടതി വളപ്പിലും വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. തുടർച്ചയായി കുരിശു മുത്തുന്നത് കാണാമായിരുന്നു.
-വർഗീസ് പി.തോമസ്,
സി.ബി.ഐ മുൻ ഡിവൈ.എസ്.പി
- ജോമോൻ പുത്തൻപുരയ്ക്കൽ