2

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന് 28 വർഷത്തിന് ശേഷം കോടതി വിധിയെഴുതുമ്പോൾ 21 കൊല്ലം മുമ്പിറങ്ങിയ കെ. മധു സംവിധാനം ചെയ്ത 'ക്രൈം ഫയൽ" എന്ന ചിത്രവും മലയാളികളുടെ മനസിൽ നിറയുന്നു. സിസ്റ്രർ അമല കൊല്ലപ്പെടുന്ന ചിത്രത്തിൽ പകുതിവരെ വില്ലൻ പരിവേഷത്തിലെത്തുന്നതാകട്ടെ ഒരു പുരോഹിതനും. സിസ്റ്റർ അഭയ കൊലപാതകത്തിനു സമാനമായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്ന് പ്രേക്ഷകർ ഉറപ്പിക്കുമ്പോഴേക്കും അവസാനപകുതിയിൽ വേറെവില്ലൻ അവതരിക്കും.

സിനിമയിലെ മിക്ക കഥാപാത്രത്തെയും സൃഷ്ടിച്ചത് അഭയകേസുമായി ബന്ധപ്പെട്ട ചിലരുമായി സാമ്യം തോന്നുന്ന വിധത്തിലായിരുന്നു. സംഗീത അവതരിപ്പിച്ച സിസ്റ്റർ അമല, വിജയരാഘവൻ അവതരിപ്പിച്ച ഫാദർ ക്ലമന്റ് കാളിയാർ, സിദ്ദിഖ് അവതരിപ്പിച്ച എസ്.പി അൻവർ റാവുത്തർ, കൊച്ചിൻഹനീഫ അവതരിപ്പിച്ച സി.ഐ ജമാൽ, റിസബാബ അവതരിപ്പിച്ച മന്ത്രി തോമസ്, സീനത്ത് അവതരിപ്പിച്ച സിസ്റ്റർ ഫിസ്റ്റോ തുടങ്ങിയവർ യഥാർത്ഥ സംഭവങ്ങളിലെ വ്യക്തികളെ പ്രേക്ഷകർക്ക് വരച്ചുകാട്ടി.

അഭിഭാഷകയാണ് സിസ്റ്റർ അമല. തനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ഫാദർ ക്ലമന്റ് ഭയന്നിരുന്നു. അതിനിടെ അമലയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് അന്വേഷണം, തെളിവ് നശിപ്പിക്കാൻ ശ്രമം, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റൽ തുടങ്ങി നിരവധി സംഭവങ്ങളിലൂടെ സിനിമ മുന്നേറുന്നു. എല്ലാം അഭയ കേസിനെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങൾ.

എന്നാലിത് സിനിമാക്കേസ് മാത്രമാണെന്ന് അടിവരയിടുന്നതായിരുന്നു ക്ലൈമാക്സ്. ക്ളമന്റ് കാളിയാറിനു പകരം ജനാർദ്ദനൻ അവതരിപ്പിച്ച കാളിയാർ പത്രോസാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലയ്ക്കൽ ഈശോ പണിക്കർ (സുരേഷ്‌ഗോപി) തെളിയിക്കുന്നു.

ഒറ്റ ഷെഡ്യൂളിലാണ് കെ. മധു മിക്കവാറും സിനിമകൾ തീർത്തിരുന്നത്. എന്നാൽ ക്രൈംഫയൽ തീർക്കാൻ ആറു ഷെഡ്യൂകളെടുത്തു. ഷൂട്ടിംഗിന് പള്ളിയും സെമിത്തേരിയും കിട്ടാൻ ബുദ്ധിമുട്ടി. പള്ളിയിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ച സീനുകളുടെ വിവരം അധികൃതർക്ക് കൈമാറിയ ശേഷമായിരുന്നു ഷൂട്ടിംഗ്. ഒക്ടോബർ 25ന് സിനിമ റിലീസായി. ആദ്യഷോ കാണാൻ വൈദികരുൾപ്പെടെയുള്ളവർ എത്തിയിരുന്നു.

 ഓരോ ഷോട്ടും ശ്രദ്ധയോടെ

എ.കെ. സാജനും എ.കെ. സന്തോഷും കഥ പറയുമ്പോൾ തന്നെ സിനിമയുടെ യഥാർത്ഥ ആങ്കിൾ വേറെയായിരിക്കണമെന്ന് പറഞ്ഞിരുന്നതായി കെ. മധു പറഞ്ഞു. കുറ്റാന്വേഷണ കഥയെന്ന രീതിയിലാണ് സിനിമയെ സമീപിച്ചത്. ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ ചിന്തയ്ക്ക് വിട്ടു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ശ്രദ്ധയോടെയാണ് ഓരോ സീനും ചിത്രീകരിച്ചത്.

സിനിമ എടുക്കരുതെന്നാരും വിലക്കിയില്ല. പ്രേക്ഷകർ സംശയിക്കപ്പെടാത്ത ഒരാൾ വില്ലനായി എത്തണമെന്നുണ്ടായിരുന്നു. അതിനായി അക്കാലത്ത് കോമഡി വേഷങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന ജനാർദ്ദനനെയാണ് സമീപിച്ചത്.

അഭയയ്ക്ക് നീതി കിട്ടണമെന്നാഗ്രഹിച്ചിരുന്നു. പ്രതികൾ പല അന്വേഷണത്തിലൂടെയും ഒഴുകി പോയെങ്കിലും ഒടുവിൽ സി.ബി.ഐ ഒറ്റാലിട്ട് പിടിച്ചെടുത്തല്ലോ- അദ്ദേഹം പറഞ്ഞു.

ക്രൈംഫയലിന്റെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചുവെങ്കിലും വേണ്ടെന്നു വച്ചു. എന്നാൽ സുരേഷ് ഗോപി അവതരിപ്പിച്ച പാലയ്ക്കൽ ഈശോ പണിക്കരെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.